- Home
- News
- India News
- ബുള്‍ഡോസറല്ലിത്, നിയന്ത്രിത സ്ഫോടനം; നിയമ ലംഘനങ്ങളുടെ ഇരട്ട ടവറുകള്‍ നിന്നിടം ഇന്ന് 'ഗ്രൗണ്ട് സീറോ'
ബുള്‍ഡോസറല്ലിത്, നിയന്ത്രിത സ്ഫോടനം; നിയമ ലംഘനങ്ങളുടെ ഇരട്ട ടവറുകള്‍ നിന്നിടം ഇന്ന് 'ഗ്രൗണ്ട് സീറോ'
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് നോയിഡയിലെ ഇരട്ട ടവറുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കപ്പെട്ടത്. 2012 ല്‍ അലഹബാദ് കോടതിയിലെത്തിയ കേസില്‍ 2014 ല്‍ നാല് മാസങ്ങള്‍ക്കുള്ളില്‍ പൊളിക്കണമെന്ന് കോടതി ഉത്തരവിട്ട കെട്ടിടങ്ങളാണ് പിന്നെയും നീണ്ട് പോയ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2022 ല്‍ പൊളിച്ച് കളഞ്ഞത്. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ വെറും ഒമ്പത് മിനിറ്റുകള്‍ക്കുള്ളില്‍ ആ കോടതി വിധി പൂര്‍ത്തികരിക്കപ്പെട്ടു. ഇതോടെ ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ഏറ്റവും വലിയ കെട്ടിടമായി നോയിഡയിലെ ഇരട്ട ടവറുകള്‍ ചരിത്രത്തിന്‍റെ ഭാഗമായി. നോയിഡ - ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. കെട്ടിടം പൊളിക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ രാവിലെ തന്നെ പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 2 മുതല്‍ 3 മണിവരെ എക്സ്പ്രസ് ഹൈവേയുടെ ഒരു ഭാഗം അടച്ചിട്ടു. പിന്നീടായിരുന്നു ഇരട്ട ടവറുകളില്‍ ഘടിപ്പിച്ച സ്ഫോടക വസ്തുകള്‍ പ്രവര്‍ത്തിപ്പിച്ചത്. പിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ കുത്തബ് മീനാറിനേക്കാള്‍ ഉയരമുണ്ടായിരുന്ന ആ ഇരട്ട കെട്ടിടം ഒരു പിടി മണ്ണായി അടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇരട്ട ടവറുകള്‍ നിന്നിടം ഗ്രൗണ്ട് സീറോയായി. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ വടിവേല്‍ പി, അനന്ദു പ്രഭ.

അനധികൃത നിര്‍മ്മാണമെന്ന പേരില്‍ സാധാരണക്കാരുടെ നൂറ് കണക്കിന് വീടുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ച് അടുക്കിയത്. എന്നാല്‍, 2014 അനധികൃത നിര്‍മ്മാണത്തിന്‍റെ പേരില്‍ കോടതി തന്നെ പൊളിക്കാനായി ഉത്തരവിട്ട ഇരട്ട കെട്ടിടങ്ങള്‍ അപ്പോഴും ആകാശം മുട്ടെ ഉയര്‍ന്നു നിന്നു.
ഒടുവില്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍, കെട്ടിടത്തിന് അനുമതി നല്‍കിയ ഗ്രേറ്റര്‍ നോയിഡ അഥോറിറ്റിയും നിര്‍മ്മാണം നടത്തിയ സൂപ്പര്‍ടെക്കും നിര്‍ബന്ധിതരായി. നീണ്ട പത്ത് വര്‍ഷത്തോളം കേസ് നടത്തിയതാകട്ടെ ഇതേ നിര്‍മ്മാണ കമ്പനി പണിത് നല്‍കിയ മറ്റൊരു ഫ്ലാറ്റിലെ താമസക്കാരും.
തങ്ങള്‍ക്ക് കമ്പനി നല്‍കിയ വാഗ്ദാനം ലംഘിച്ചെന്ന പരാതിയാണ് ആദ്യം താമസക്കാര്‍ ഉയര്‍ത്തിയത്. ഒടുവില്‍, കമ്പനിയുടെ വൻ നിയമ ലംഘനമാണ് പുറം ലോകം കണ്ടത്. ഇതോടെ ഒരു ദശാബ്ദം നീണ്ട നിയമ പോരാട്ടത്തിനും അവസാനമായി. രണ്ടായിരത്തിന്‍റെ പകുതിയിലാണ് സൂപ്പർടെക്ക് കമ്പനി എമറാള്‍ഡ് കോര്‍ട്ടെന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിര്‍മാണം തുടങ്ങുന്നത്.
നോയിഡ - ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലെ കണ്ണായ സ്ഥലത്തായിരുന്നു പദ്ധതി. നല്ല വെട്ടവും വെളിച്ചവും മുന്‍പില്‍ പൂന്തോട്ടവും ഉണ്ടെന്ന് വാഗ്ദാനം നല്‍കിയാണ് സൂപ്പര്‍ ടെക് ആളുകളെ തങ്ങളുടെ ഫ്ലാറ്റിലേക്ക് ആകർഷിച്ചത്. എന്നാല്‍ 2009 ല്‍ കഥ മാറി. നല്ല ലാഭമുള്ള ഫ്ലാറ്റ് ബിസിനസ് തഴച്ച് വളരുന്നത് കണ്ട്, വീണ്ടും ഫ്ലാറ്റ് സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കാൻ സൂപ്പര്‍ടെക് തീരുമാനിച്ചു.
പിന്നെ, എമറാള്‍ഡ് കോർട്ടിലുള്ള താമസക്കാര്‍ കണ്ടത്, തങ്ങള്‍ക്ക് പൂന്തോട്ടം വാഗ്ദാനം ചെയ്തിടത്ത് നാല്‍പ്പത് നിലയുള്ള രണ്ട് ഫ്ലാറ്റുകള്‍ ഉയരുന്നതായിരുന്നു. തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം കമ്പനി ലംഘിച്ചതിനെതിരെ എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാർ എതിര്‍പ്പുയര്‍ത്തി. എന്നാല്‍, നോയിഡ അതോറിറ്റി 2012 ല്‍ എതിര്‍പ്പുകളെ മറികടന്ന് കമ്പനിക്ക് നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കി.
അങ്ങനെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കിടയില്‍ പൂന്തോട്ടം വാഗ്ദാനം ചെയ്തിടത്ത് നാല്പത് നിലയുള്ള ട്വിന്‍ടവറുകള്‍ ആകാശം മുട്ടെയുര്‍ന്നു തുടങ്ങി. ഇതോടെ, എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാർ കച്ചമുറുക്കി രംഗത്തിറങ്ങി. മുൻ സൈനികനായ ഉദയ്ഭാന്‍ സിങ് തെവാത്തിയ അടക്കമുള്ളവർ ആയിരുന്നു കേസിന് മുന്നില്‍ നിന്നത്. 2012 ലാണ് അനധികൃത നിര്‍മ്മാണത്തിനെതിരെ ആദ്യമായി കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
2014-ൽ, ഉത്തരവ് ഫയൽ ചെയ്ത തീയതി മുതൽ നാല് മാസത്തിനുള്ളിൽ (സ്വന്തം ചെലവിൽ) ടവറുകൾ പൊളിക്കണമെന്ന് കോടതി ഗ്രേറ്റര്‍ നോയിഡ അതോറിറ്റിയോട് നിർദ്ദേശിച്ചു. മറ്റ് അധനികൃത നിര്‍മ്മാണങ്ങള്‍ ബുള്‍ഡോറസിന് മുന്നില്‍ ഇടിഞ്ഞ് വീഴുമ്പോഴും അധികാരവും പണവും തങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തെ ആകാശം മുട്ടേ തലയുയര്‍ത്തി നിര്‍ത്തുമെന്ന് സൂപ്പര്‍ടെക് കരുതി.
തുടര്‍ന്ന് 2014 ല്‍ തന്നെ കേസ് സുപ്രീംകോടതിയിലെത്തി. ഏഴ് വർഷം നീണ്ട വാദ പ്രതിവാദം. ഒടുവില്‍, കഴിഞ്ഞ വർഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചു. പൊളിക്കലില്‍ നിന്ന് രക്ഷനേടാൻ ഇരട്ട കെട്ടിടം ആശുപത്രിയാക്കാൻ നിര്‍ദേശിക്കണമെന്ന ആവശ്യം മറ്റൊരു വഴിയിലൂടെ സുപ്രീംകോടതിയില്‍ എത്തുകയുണ്ടായി.
എന്നാല്‍, ഈ ആവശ്യം ഉന്നയിച്ച ഹർജിക്കാരന് അഞ്ച് ലക്ഷം പിഴയിട്ടാണ് കേസില്‍ സുപ്രീംകോടതി നിലപാട് അരക്കിട്ട് ഉറപ്പിച്ചത്. എമറാൾഡ് കോർട്ട് സൊസൈറ്റി പ്രദേശത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമാണം നടത്തിയെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. നോയിഡ അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്പനി സ്വന്തം ചെലവിൽ കെട്ടിടങ്ങൾ പൊളിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ടവറിന് ആദ്യം അനുമതി നൽകിയപ്പോൾ, കെട്ടിട പ്ലാനിൽ 14 ടവറുകളും ഒമ്പത് നിലകളുമാണ് ഉണ്ടായിരുന്നത്. പിന്നീട്, പ്ലാൻ പരിഷ്കരിക്കുകയും ഓരോ ടവറിലും 40 നിലകൾ നിർമ്മിക്കാൻ ബിൽഡർക്ക് അനുമതി നൽകുകയും ചെയ്തുകയായിരുന്നു. ടവറുകൾ നിർമ്മിച്ച സ്ഥലം യഥാർത്ഥ പദ്ധതി പ്രകാരം പൂന്തോട്ടമാക്കേണ്ടതായിരുന്നു. ഈ വാഗ്ദാനം നല്‍കിയാണ് കമ്പനി തങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ആദ്യം ആളുകളെ ആകര്‍ഷിച്ചിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ ടവറുകൾ പൊളിക്കാൻ സുപ്രീം കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചെങ്കിലും സാങ്കേതിക തകരാറുകൾ കാരണം ഒരു വർഷമെടുത്തു. അലഹബാദ് ഹൈക്കോടതിയുടെ വിധിയെ അനുകൂലിച്ചും എതിർത്തും നിരവധി ഹർജികളാണ് വീട് വാങ്ങുന്നവർ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ദശാബ്ദക്കാലത്തോളം നീണ്ട ആ നിയമ യുദ്ധത്തിന് ഒടുവിൽ ഇന്നലെയാണ് പരിസമാപ്തിയായത്.
55,000 മുതൽ 80,000 ടൺ കോൺക്രീറ്റ് മാലിന്യമാണ് സ്ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാല് മാസം കൊണ്ട് ഈ കോണ്‍ക്രീറ്റ് മാലിന്യം പൂര്‍ണമായി നീക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അവകാശപ്പെടുന്നത്. മരടിലെ കെട്ടിട്ടങ്ങൾ തകര്‍ത്ത് പേരെടുത്ത എഡിഫൈസ്, ജെറ്റ് കമ്പനികള്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രത സ്ഫോടനത്തിലൂടെ നോയിഡയിലെ കെട്ടിടവും തകര്‍ത്തത്.
32 നിലയുള്ള അപെക്സ്, 29 നിലയുള്ള കിയാന്‍ എന്നീ കെട്ടിടങ്ങള്‍ ചേർന്നതാണ് സൂപ്പര്‍ ടെക്കിന്‍റെ ഇരട്ട കെട്ടിടം. കിയാന്‍, അപെക്സ് കെട്ടിടങ്ങളില്‍ സ്ഫോടകവസ്തുകള്‍ നിറച്ചതോടെ വലിയ സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. 9,400 ദ്വാരങ്ങള്‍ രണ്ട് കെട്ടിടങ്ങളിലുമായി ഉണ്ടാക്കി. അതില്‍ 3,700 കിലോഗ്രാം സ്ഫോടകവസ്തു നിറച്ചാണ് ഈ നിയന്ത്രിത സ്ഫോടനം നടത്തിയത്.
20,000 കണക്ഷനുകള്‍ രണ്ട് കെട്ടിടങ്ങളുമായി ഉണ്ടാക്കിയാണ് സ്ഫോടനം. സ്ഫോടക വസ്തുക്കൾ നേരത്തെ നിറച്ചെങ്കിലും അവ ഡിറ്റോണേറ്റുമായി ഘടിപ്പിച്ചത് ഇന്നലെയായിരുന്നു. കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനത്തിനായി ഏകദേശം ഇരുപത് കോടി രൂപയോളം ചെലവായി. തിരക്കേറിയ ജനവാസ മേഖലയിലാണ് ഫ്ളാറ്റ് എന്നതിനാൽ പൊളിക്കല്‍ നടപടിയില്‍ ഒരു പിഴവും ഉണ്ടാകാതെ ഏറെ ശ്രദ്ധയോടെയായിരുന്നു.
സ്ഫോടനത്തിന് മുന്നോടിയായി അയ്യായിരത്തോളം പേരോട് രാവിലെ ഏഴ് മണിക്ക് ഉള്ളില്‍ പ്രദേശത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. 1,200 വാഹനങ്ങള്‍ മേഖലയില്‍ നിന്ന് മാറ്റുകയും ചെയ്തു. നോയിഡ - ഗ്രെയിറ്റർ നോയിഡ് എക്സ്പ്രസ് വേ ഈ സമയം അടച്ചിട്ടിരുന്നു. ഈ മുന്‍കരുതലിനൊക്കെ ശേഷമായിരുന്നു നിയന്ത്രിത സ്ഫോടനം. വെറും ഒമ്പത് മിനിറ്റിനുള്ളില്‍ 2012 ല്‍ തുടങ്ങിയ ആ കേസിന് പരിസമാപ്തിയായി.
എംഎല്‍എമാരെ പോലും കോടികള്‍ കൊടുത്ത് വാങ്ങാന്‍ കഴിയുന്ന ഇന്ത്യയില്‍, കമ്പനിയില്‍ നിന്ന് വാഗ്ദാനങ്ങളുണ്ടായിരുന്നില്ലേയെന്ന് ചോദിച്ചാല്‍, നിയമപോരാട്ടത്തിന് മുന്നിലുണ്ടായിരുന്ന മുൻ സൈനികനായ ഉദയ്ഭാന്‍ സിങ് തെവാത്തിയ ഒരു പുഞ്ചിരി സമ്മാനിക്കും. 'ഒരു പാട് അധ്വാനവും മനസ്സാന്നിധ്യവും ഈ പോരാട്ടത്തിന് വേണമായിരുന്നു. ഒരുപാട് പേരോട് നന്ദിയുണ്ട്. അനീതി നടക്കുമ്പോൾ ഭയക്കാതെ പോരാടണമെന്ന് നിശ്ചയിച്ചിരുന്നു. കൂടുതലൊന്നും പറയുന്നില്ല. അവർക്ക് കഴിയാവുന്നതൊക്കെ അവർ ചെയ്തു. പക്ഷേ, നീതി ഞങ്ങൾക്ക് കിട്ടി. ഉദയ്ഭാന സിങ് തെവാത്തിയ മാധ്യമങ്ങളോട് പറഞ്ഞു.