തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ചില സിനിമകളുടെ ഡയറക്ട് ഒടിടി റിലീസിലേക്ക് ഉറ്റുനോക്കുകയാണ് സിനിമാലോകം. അതില്‍ ഏറ്റവുമധികം സിനിമകള്‍ അനൗണ്‍സ് ചെയ്‍തിരിക്കുന്നത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം ആണ്. ആമസോണ്‍ ഒരുമിച്ച് പ്രഖ്യാപിച്ച ഡയറക്ട് റിലീസുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രത്തിന്‍റെ പ്രീമിയര്‍ നാളെയാണ്. ആയുഷ്‍മാന്‍ ഖുറാനയും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന ഷൂജിത് സര്‍ക്കാര്‍ ചിത്രം 'ഗുലാബോ സിതാബോ' ഒരു ബോളിവുഡ് ചിത്രത്തിന്‍റെ ഒടിടി ഡയറക്ട് റിലീസില്‍ റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുകയാണ്.

ബോളിവുഡ് ചിത്രങ്ങള്‍ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നത് ഇത് ആദ്യമല്ല. പക്ഷേ 'ഗുലാബോ സിതാബോ' പോലെ പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഒരു മുഖ്യധാരാ ബോളിവുഡ് ചിത്രം തീയേറ്ററുകള്‍ ഒഴിവാക്കി റിലീസ് ചെയ്യുന്നത് ഇത് ആദ്യമാണ്. ബോളിവുഡ് സിനിമകളുടെ വന്‍ മാര്‍ക്കറ്റ് മനസിലാക്കി അതിനനുസരിച്ചുള്ള സ്ട്രീമിംഗ് ആണ് ആമസോണ്‍ പ്രൈം ഒരുക്കുന്നത്. ഇരുനൂറില്‍ ഏറെ രാജ്യങ്ങളില്‍ ചിത്രം കാണാനാവും. സബ് ടൈറ്റില്‍ ഇംഗ്ലീഷില്‍ മാത്രമല്ല, അറബിക്, റഷ്യന്‍, പോളിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇന്‍ഡോനേഷ്യന്‍, കൊറിയന്‍, ടര്‍ക്കിഷ് ഉള്‍പ്പെടെ പതിനഞ്ച് ഭാഷകളിലുണ്ട്.

അമിതാഭ് ബച്ചനും (പികു) ആയുഷ്‍മാന്‍ ഖുറാനയും (വിക്കി ഡോണര്‍) നേരത്തെ ഷൂജിത് സര്‍ക്കാരിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ചിത്രത്തില്‍ ഇരുവരും ഒരുമിച്ചെത്തുന്നത് ആദ്യമായാണ്. ലഖ്‍നൗ സ്വദേശിയായ മിര്‍സ എന്ന ഭൂവുടമയായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ജൂഹി ചതുര്‍വേദിയുടേതാണ് കഥ, തിരക്കഥ, സംഭാഷണം.