മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ താരമായി നിറഞ്ഞാടിയ ബാബു ആന്റണി അധോലോക നായകനായും കത്തനാരായുമൊക്കെ എത്തുകയാണ്.
മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ താരമായി നിറഞ്ഞാടിയിരുന്നു ബാബു ആന്റണി. ആക്ഷൻ രംഗങ്ങള്‍കൊണ്ട് മാത്രം ബാബു ആന്റണിയെ ഹൃദയത്തില്‍ ഏറ്റെടുത്ത ആരാധകരുമുണ്ടായിരുന്നു. നായകനായും വില്ലനായുമെല്ലം മലയാള സിനിമയില്‍ സ്വന്തമായ ഇരിപ്പിടമുറപ്പിച്ചിരുന്നു ബാബു ആന്റണി. വീണ്ടും മലയാള സിനിമയില്‍ നായകനായും സജീവമായിക്കൊണ്ടിരിക്കുന്ന ബാബു ആന്റണിയുടെ ജന്മദിനമാണ് ഇന്ന് (Babu Antony birthday).
വേറിട്ട ഒട്ടേറെ കഥാപാത്രങ്ങളുമായാണ് ബാബു ആന്റണി വീണ്ടും സജീവമാകുന്നത് (Babu Antony upcoming movies). 'ദ ഗ്രേറ്റ് എസ്‍കേപ്' എന്ന ചിത്രത്തില്‍ ബാബു ആന്റണി ആക്ഷൻ താരമായിട്ടുതന്നെയാണ് എത്തുന്നത്. സന്ദീപ് ജെ എല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ദ ഗ്രേറ്റ് എസ്‍കേപ്പെ'ന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുകയെന്ന് ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ കൂടിയായ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.
ബാബു ആന്റണി നായകനാകുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ടെന്നും സന്ദീപ് ജെ എല്‍ പറഞ്ഞു.അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് 'ദ ഗ്രേറ്റ് എസ്‍കേപി'ന്റെ ഇതിവൃത്തം. അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക.
'കടമറ്റത്ത് കത്തനാരാ'യും ബാബു ആന്റണി അഭിനയിക്കുന്നു. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'കടമറ്റത്ത് കത്തനാറി'ലാണ് ബാബു ആന്റണി നായകനാകുക. യു കെ സെന്തില്‍ കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ മറ്റ് ഒട്ടേറെ താരങ്ങളും ബാബു ആന്റണിയുടെ 'കടമറ്റത്ത് കത്തനാ'റിലുണ്ടാകും.
എ വി പ്രൊഡക്ഷൻസിന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് ആണ് 'കടമറ്റത്ത് കത്തനാര്‍' നിര്‍മിക്കുന്നത്. 'ഉപ്പുകണ്ടം ബ്രദേഴ്‍സ് ബാക്ക് ഇൻ ആക്ഷൻ' എന്ന ചിത്രത്തിന് ശേഷം ടി എസ് സുരേഷ് ബാബുവും ബാബു ആന്റണിയും ഒന്നിക്കുകയാണ് 'കടമറ്റത്ത് കത്തനാറി'ലൂടെ. ബാബു ആന്റണിയും ടി എസ് സുരേഷ് ബാബുവും ഒന്നിച്ച 'കോട്ടയം കുഞ്ഞച്ചൻ', 'ഉപ്പുകണ്ടം ബ്രദേഴ്‍സ്‍' തുടങ്ങിയവയൊക്കെ വൻ വിജയങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ബാബു ആന്റണിയും ടി എസ് സുരേഷ് ബാബുവും ഒന്നിക്കുമ്പോള്‍ വൻ പ്രതീക്ഷകളുമാണ്.
'കടമറ്റത്ത് കത്തനാര്‍' ചിത്രം ത്രീഡി സാങ്കേതിക വിദ്യയിലാണ് എത്തുക. ത്രീഡി പ്രൊജക്ട് ഡിസൈൻ ജീമോൻ പുല്ലേലി. ത്രീഡി 'കടമറ്റത്ത് കത്തനാറെ'ന്ന ചിത്രത്തിന്റെ റീ റെക്കോര്‍ഡിങ് എസ് പി വെങ്കിടേഷാണ്.
Read More : പുതിയ ഭാവം, 'ഹെഡ്‍മാസ്റ്ററി'ലെ ഫോട്ടോ പുറത്തുവിട്ട് ബാബു ആന്റണി
കാരൂരിന്റെ (Karoor) 'പൊതിച്ചോറെ'ന്ന കഥ സിനിമയാകുമ്പോള്‍ ബാബു ആന്റണിയാണ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. 'ഹെഡ്‍മാസ്റ്റര്‍' (Headmaster) എന്ന പേരിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് നാഥാണ്.
'ഹെഡ്‍മാസ്റ്ററി'ല്‍ പ്രധാന അധ്യാപകനായി അഭിനയിക്കുന്നത് ബാബു ആന്റണിയുടെ സഹോദരൻ കൂടിയായ തമ്പി ആന്റണിയാണ്. ബാബു ആന്റണിക്ക് ചിത്രത്തില്‍ മകൻ കഥാപാത്രമാണ്. വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുന്നത്. പ്രവീണ്‍ പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം കാവാലം ശ്രീകുമാര്‍.
ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചാനല്‍ ഫൈവിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്ന് ആണ്. രാജൻ മണക്കാട് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. സഞ്‍ജു ശിവറാം, മഞ്‍ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്‍ണൻ, കഴക്കൂട്ടം പ്രംകുമാര്‍, സേതുലക്ഷ്‍മി, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനും വ്ലോഗറുമായി ആകാശ് രാജ് എന്നിവരും അഭിനയിക്കുന്നു. ഗാനനചന പ്രഭാവര്‍മ. 'ഹെഡ്‍മാസ്റ്റര്‍' എന്ന പുതിയ ചിത്രത്തിനായി ഗാനങ്ങള്‍ ആലപിക്കുന്നത് ജയചന്ദ്രൻ, നിത്യാ മാമ്മൻ എന്നിവരാണ്.
മണിരത്‍നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ ശെല്‍വനി'ലും ബാബു ആന്റണി പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായുണ്ട്. വൻ താരനിരയുള്ള ചിത്രമായ 'പൊന്നിയിൻ ശെല്‍വന്റെ' വിശേഷങ്ങള്‍ ബാബു ആന്റണി പങ്കുവെച്ചിരുന്നു. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്‍മി തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തിലുള്ളത്. 'പൊന്നിയിൻ ശെല്‍വൻ' ചിത്രത്തിനായി കുതിരയോട്ടം നടത്തുന്ന ബാബു ആന്റണിയുടെ ഫോട്ടോ ശ്രദ്ധേ നേടിയിരുന്നു.
