Asianet News MalayalamAsianet News Malayalam

'കുഞ്ഞാലിക്ക് ഹരീഷിന്റെ മുഖമാണെന്ന് പ്രിയൻസാർ പറഞ്ഞ അന്ന് ഉറങ്ങിയില്ല'; ഹരീഷ് പേരടി

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് ഓളവും തീരവും

hareesh peradi act malayalam movie olavum theeravum
Author
Kochi, First Published Jun 29, 2022, 3:47 PM IST

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് ഓളവും തീരവും(Olavum Theeravum). എംടിയുടെ കഥകളെ ആസ്‍പദമാക്കിയുള്ള നെറ്റ്ഫ്ളിക്സ് (Netflix) ആന്തോളജിയില്‍ ഒന്ന് ഈ ചിത്രമായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിൽ ഹരീഷ് പേരടിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ കുറിച്ച് ​ഹരീഷ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'ഓളവും തീരവും' എന്ന പഴയ ചിത്രത്തിൽ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലൻ കഥാപാത്രമായാണ് ഹരീഷ് പേരടി എത്തുന്നത്. ജോസ് പ്രകാശ്സാർ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് "എന്റെ മനസ്സിൽ ഹരീഷിന്റെ മുഖമാണെന്ന് "പ്രിയൻസാർ വിളിച്ചു പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല. ഇത്തരം ബഹുമതികൾ കിട്ടുമ്പോൾ എങ്ങിനെ ഉറങ്ങുമെന്ന് നടൻ കുറിക്കുന്നു. 

ഹരീഷ് പേരടിയുടെ വാക്കുകൾ

1969-മലയാള സിനിമയെ പൂർണ്ണമായും സ്‌റ്റുഡിയോയിൽ നിന്ന് മോചിപ്പിച്ച എം.ടി.സാറിന്റെയും P.N.മേനോൻസാറിന്റെയും ഓളവും തീരവും ഇറങ്ങിയ വർഷം...ഈ പാവം ഞാൻ ജനിച്ച വർഷം...53 വർഷങ്ങൾക്കുശേഷം പ്രിയൻ സാർ ആ സിനിമ പുനർനിർമ്മിക്കുകയാണ് ...മധുസാർ ചെയ്ത ബാപ്പുട്ടിയെ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ പരകായപ്രവേശം ചെയ്യുന്നു...ജോസ് പ്രകാശ്സാർ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് "എന്റെ മനസ്സിൽ ഹരീഷിന്റെ മുഖമാണെന്ന് "പ്രിയൻസാർ വിളിച്ചു പറഞ്ഞ ആ രാത്രി ഞാൻ ഉറങ്ങിയില്ല...ഇത്തരം ബഹുമതികൾ കിട്ടുമ്പോൾ എങ്ങിനെ ഉറങ്ങും...അഭിനയം എന്ന കല ഭൗതികമായ വ്യായാമങ്ങൾ മാത്രമല്ല..കഥാപാത്രത്തിന്റെ മനസ്സിലേക്ക് കുടിയേറാൻ ചില ആത്മിയ സഞ്ചാരങ്ങൾ കൂടി വേണം എന്ന് വിശ്വസിക്കുന്ന അഭിനേതാവ് എന്ന നിലക്ക്..ഇന്ന്‌ നേരെ ജോസ് പ്രകാശ്സാറിന്റെ മകൻ രാജേട്ടനെയും(ഈ ഫോട്ടോയിൽ കാണുന്ന ആൾ) കൂട്ടി പള്ളി സെമിത്തേരിയിലെ സാറിന്റെ കല്ലറക്കുമുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് അനുവാദം വാങ്ങി...അനുഗ്രഹം വാങ്ങി...ഒട്ടും താമസിക്കാതെ കഥയുടെ കുലപതി എം.ടി സാറിന്റെ വീട്ടിലെത്തി..കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെയും കാലത്തെയും മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമവും നടത്തി...അധികം സംസാരിക്കാത്ത എം.ടി സാർ ഇന്ന് എന്നോട് പതിവിൽ കവിഞ്ഞ് സജീവമായപ്പോൾ അത് വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭവമായി...എം.ടി സാറിന്റെ ഭാഷയിൽ പറഞ്ഞാൽ "കുടുക്കില്ലാത്ത ട്രൗസറിൽ വാഴനാര് കൂട്ടി ക്കെട്ടി" അഭിനയത്തിന്റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്ക്കൂൾ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാൻ...പ്രാർത്ഥനകളും അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് ....ഹരീഷ് പേരടി...

'ഓളവും തീരവും' റീമേക്കിന് മോഹന്‍ലാലും പ്രിയദര്‍ശനും?

Follow Us:
Download App:
  • android
  • ios