കോഴിക്കോട്: ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന്റെ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് അഖില ഹിന്ദു പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. 'ഈ മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവൂ, ഈ വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. ഇത് കേരളമാണ്. എല്ലാ ജനാധിപത്യ വാദികളും പ്രതിഷേധിക്കണം- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

മിന്നൽ മുരളി എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിൻറെ സെറ്റ് ഇട്ടത്. ലോക്ഡൗണ്‍  കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവർത്തകരെത്തി സെറ്റ് പൊളിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. 

സിനിമാ സെറ്റ് പൊളിച്ച അഖില ഹിന്ദു പരിഷത്തിൻറെ അഞ്ച് പ്രവർത്തകർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്.