കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ, അദ്ദേഹവുമായുള്ള വ്യക്തിപരമായ അനുഭവം പങ്കുവെച്ച് നടൻ ഹരീഷ് പേരടി

കേരളത്തിന്‍റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍റെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത് ഇന്നാണ്. പത്ത് ദിവസം നീണ്ട നാടകീയതയ്ക്കും അനിശ്ചിതത്വത്തിനും ഒടുവിലായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനം. കെ സി വേണുഗോപാലിന്‍റെയും രമേശ് ചെന്നിത്തലയുടെയും പേരുകള്‍ മാറ്റിയാണ് വി ഡി സതീശന്‍ എന്ന പേര് അന്തിമമായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. പത്ത് ദിവസം നീണ്ട സസ്പെന്‍സിന് വിരാമമായി സതീശന്‍ മുഖ്യമന്ത്രി ആയതോടെ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നതും ഈ വിഷയമാണ്. ഇപ്പോഴിതാ സതീശനുമൊത്തുള്ള തന്‍റെ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ഹരീഷ് പേരടി. മകന്‍റെ കല്യാണം വിളിക്കാനായി വി ഡി സതീശനെ കണ്ടപ്പോഴുള്ള അനുഭവമാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഹരീഷ് പേരടിയുടെ കുറിപ്പ്

"എൻ്റെ മകൻ്റെ കല്യാണത്തിന് വിളിച്ചപ്പം മൂപ്പര് ഒറ്റകാര്യമേ എന്നോട് പറഞ്ഞുള്ളൂ..."നിങ്ങള് കോൺഗ്രസ്സ്കാരനല്ലാ എന്ന് എനിക്കറിയാം. എന്നാലും നിങ്ങളെ എനിക്ക് വലിയ ഇഷ്‌ടാ.. കാരണം സത്യം ഉറക്കെ വിളിച്ചു പറയുന്നവരോട് എനിക്ക് ഒരു ബഹുമാനമാണ്... ഞാൻ എന്തായാലും വരും" ഒരുപാട് തിരക്കിനിടയിലും മൂപ്പര് വന്ന് വാക്ക് പാലിച്ചു.. ഇത് ഇന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പം പറയും? പ്രിയപ്പെട്ട VDS.. നിങ്ങൾ ഇന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപെട്ടപ്പോൾ സാധരണ മനുഷ്യരുടെ കേരളം ഇങ്ങിനെ സന്തോഷം കൊണ്ട് ഇളകി മറിയാൻ കാരണം.. നിങ്ങൾ സാധാരണ മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് അവരുടെ ചൂടും ചൂരും നിസഹായതയും കണ്ണീരും നിലവിളിയും.. പുതിയ തലമുറയുടെ ഊർജ്ജവും പ്രതീക്ഷയും ഏറ്റെടുത്ത് നടന്നതുകൊണ്ടാണ്... നിങ്ങൾ ഈ കേരളത്തോട് വാക്ക് പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.. ആശംസകൾ."

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പൊതുജനത്തിനിടയില്‍ ഏറ്റവും സ്വീകാര്യത വി ഡി സതീശന് ആയിരുന്നു. അതിനാല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ റോഡിലും സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടെ ആഘോഷമാണ്. അതേസമയം തിങ്കളാഴ്ചയാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ആരൊക്കെ മന്ത്രിമാര്‍ ആവും, ഏതൊക്കെ വകുപ്പുകള്‍ ലഭിക്കും എന്നതാണ് രാഷ്ട്രീയ കേരളത്തിന് മുന്നിലുള്ള കൗതുകം നിറഞ്ഞ കാത്തിരിപ്പ്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News