ചരിത്രപുരുഷൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാകുകയാണ്  വാരിയം കുന്നൻ എന്ന സിനിമയില്‍ നായകനാകുന്നുവെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് അറിയിച്ചിരുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതോടെ ചില വിമര്‍ശനങ്ങളുമുണ്ടായി. സിനിമയുടെ പ്രഖ്യാപനം നടന്ന ദിവസം തന്നെ വിവാദമുണ്ടായി. സിനിമയെ കലാകാരന്റെ ആവിഷ്‍കാര സ്വാതന്ത്ര്യമായി കാണാൻ പഠിക്കുകയെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെടുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?. പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ? കുഞ്ഞാലിമരക്കാറായി ആ മഹാനടൻ പരകായപ്രവേശം നടത്തിയപ്പോൾ മോഹൻലാലിന്റെ ചിത്രം വെച്ച് ബോഡി ഷെയിമിംഗ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗൺസ് ചെയ്‍തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്. കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു. രണ്ട് സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങൾ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്. സിനിമയെ കലാകാരന്റെ ആവിഷക്കാര സ്വാതന്ത്ര്യമായി കാണാൻ പഠിക്കുക.