ഹരി ഹര വീര മല്ലു ഒടിടിയില്‍ എത്തി.

പവൻ കല്യാണ്‍ നായകനായി വന്ന ചിത്രം ആണ് ഹരി ഹര വീര മല്ലു. എന്നാല്‍ പ്രതീക്ഷിച്ച തോതില്‍ കളക്ഷൻ ചിത്രത്തിന് നേടാനായിരുന്നില്ല. ഹരി ഹര വീര മല്ലു ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 116.83 കോടി രൂപയോളം നേടിയിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലിലൂടെ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.

കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യും സംവിധാനം ചെയ്‍ത ഹരി ഹര വീര മല്ലു വിദേശത്ത് നിന്ന് മാത്രം 14 കോടിയും നേടിയിട്ടുണ്ട്. നിധി അഗര്‍വാളാണ് നായികയായി എത്തിയിരുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്.

എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ട്.

'ഭീംല നായക്' ആയിരുന്നു മുമ്പ് താരത്തിന്റെതായി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു 'ഭീംല നായക്'. 'ഭീംല നായക്' എന്ന ചിത്രം സംവിധാനം ചെയ്‍തത് സാഗര്‍ കെ ചന്ദ്രയാണ്. സൂര്യദേവര നാഗ വംശിയാണ് നിര്‍മാതാവ്. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. പവന്‍ കല്ല്യാണ്‍ ബിജു മേനോന്‍റെ 'അയ്യപ്പന്‍ നായര്‍' എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. നിത്യ മേനോൻ ആണ് ചിത്രത്തില്‍ പവൻ കല്യാണിന്റെ നായികയായി എത്തിയത്. ചിത്രത്തിന് രവി കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിച്ചു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത 'അയ്യപ്പനും കോശി'യുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക