വിക്രത്തിലെ സൂര്യ കഥാപാത്രം റോളക്സിന്‍റെ എന്‍ട്രി പോലെ തോന്നിപ്പിക്കുന്ന 'ഹരോള്‍ഡ് ദാസി'ന്‍റെ വീഡിയോയ്ക്ക് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്
കോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിലൊരാളാണ് ഇന്ന് ലോകേഷ് കനകരാജ്. കൈതി, മാസ്റ്റര്‍, വിക്രം എന്നിങ്ങനെ ഹാട്രിക് ഹിറ്റുകള്‍ ഒരുക്കിയ ലോകേഷിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ലിയോ ആണ്. മാസ്റ്ററിന് ശേഷം വിജയ്‍യും ലോകേഷും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, ഗൌതം മേനോന്‍, മിഷ്കിന്‍, മാത്യു തോമസ്, ബാബു ആന്‍റണി, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന താരത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഇന്നലെ പുറത്തെത്തിയിരുന്നു. അര്‍ജുന്‍ സര്‍ജ അവതരിപ്പിക്കുന്ന ഹരോള്‍ഡ് ദാസ് എന്ന കഥാപാത്രത്തിന്‍റെ വീഡിയോ ആണ് അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ ലോകേഷും സംഘവും പുറത്തുവിട്ടത്.
വിക്രത്തിലെ സൂര്യ കഥാപാത്രം റോളക്സിന്‍റെ എന്‍ട്രി പോലെ തോന്നിപ്പിക്കുന്ന ഹരോള്‍ഡ് ദാസിന്‍റെ വീഡിയോയ്ക്ക് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. യുട്യൂബില്‍ ഇതുവരെ ഒരു കോടിയോളം കാഴ്ചകള്‍ ഈ വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു. 24000 ല്‍ അധികം കമന്‍റുകളും. ഇപ്പോഴിതാ ഈ കഥാപാത്രത്തിനുവേണ്ടി ലോകേഷിന്‍റെ മനസിലുണ്ടായിരുന്ന മറ്റൊരു കാസ്റ്റിംഗ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ഒരു മലയാളം താരത്തെയാണ് ഹരോള്‍ഡ് ദാസ് ആയി ലോകേഷ് ആദ്യം സങ്കല്‍പിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പൃഥ്വിരാജ് സുകുമാരനെയാണ് ഹരോള്‍ഡ് ദാസിനുവേണ്ടി ലോകേഷ് ആദ്യം സമീപിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഓഫര്‍ പൃഥ്വിരാജ് സ്വീകരിച്ചില്ലെന്നും. മറ്റ് കമ്മിറ്റ്മെന്‍റുകളുമായി ബന്ധപ്പെട്ട ഡേറ്റ് പ്രശ്നമാണ് കാരണമായി പറയപ്പെടുന്നത്. അതേസമയം ജൂലൈ ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഒക്ടോബര്‍ 19 ന് തിയറ്ററുകളില്‍ എത്തും. ഗോകുലം മൂവീസ് ആണ് ലിയോയുടെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ALSO READ : കാണാന്‍ ആളില്ല, 'ഭോലാ ശങ്കറി'നായി 76 കോടി മുടക്കിയ വിതരണക്കാര്‍ക്ക് വരുന്ന നഷ്ടം എത്ര?
