എപ്പിസോഡിന്‍റെ 17 മിനുട്ട് 40 സെക്കന്‍റിലാണ് എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസിന് മുന്നില്‍ ഒരു കോഫികപ്പ് കാണപ്പെടുന്നത്. 

ദില്ലി: ഗെയിം ഓഫ് ത്രോണ്‍സ് കഴിഞ്ഞ എപ്പിസോഡിലെ ഭീമന്‍ അബന്ധം തുറന്ന് സമ്മതിച്ച് ഷോ നിര്‍മ്മാതാക്കളായ എച്ച്ബിഒ. എന്‍റര്‍ടെയ്മെന്‍റ് സൈറ്റ് വെറൈറ്റിക്ക് നല്‍കിയ മറുപടിയിലാണ് ഗെയിം ഓഫ് ത്രോണ്‍സിന്‍റെ അവസാന സീസണിലെ നാലാം എപ്പിസോഡില്‍ സംഭവിച്ച ഭീമന്‍ അബദ്ധമാണ് എച്ച്ബിഒ തുറന്ന് സമ്മതിച്ചത്.

എപ്പിസോഡിന്‍റെ 17 മിനുട്ട് 40 സെക്കന്‍റിലാണ് എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസിന് മുന്നില്‍ ഒരു കോഫികപ്പ് കാണപ്പെടുന്നത്. പൌരണികമായ ഫിക്ഷന്‍ സീരിസില്‍ കോഫി കപ്പ് വന്നത് വലിയ തെറ്റായി സോഷ്യല്‍ മീഡിയ ആഘോഷിച്ചു. ചില ആരാധകര്‍ അത് കോഫി ബ്രാന്‍റായ സ്റ്റാര്‍ബക്സിന്‍റെ കോഫി കപ്പാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ #Starkbucks എന്ന വാക്ക് ട്രെന്‍റിംഗായി മാറി.

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എച്ച്ബിഒ എത്തിയത്. എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസ് ആ ഷോട്ടിന് മുന്‍പ് ഒരു ഹെര്‍ബല്‍ കോഫി ഓഡര്‍ ചെയ്തിരുന്നെന്നും. അത് ഷോട്ടില്‍ ഉള്‍പ്പെടുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. അതേ സമയം എപ്പിസോഡ് കലാ സംവിധായകന്‍ ഹൌക്ക് റിച്ച്ടര്‍ ഇതോട് പ്രതികരിച്ചു. 

സാധനങ്ങള്‍ സെറ്റില്‍ മറന്ന് വയ്ക്കുന്നത് സാധാരണമാണ്. കോഫി കപ്പിന്‍റെ വിഷയവും അത് പോലെ വന്നതാകാം. ഇത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. ഗെയിം ഓഫ് ത്രോണില്‍ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇത് ഫൈനല്‍ കട്ടില്‍ വന്ന തെറ്റ് ആകാം.

അതേ സമയം സംഭവത്തില്‍ സ്റ്റാര്‍ബക്സ് തങ്ങളുടെ ഓഫീഷ്യല്‍ അക്കൌണ്ടിലൂടെ സംഭവത്തില്‍ ട്രോള്‍ ചെയ്തിട്ടുണ്ട്. ഡാനി ഒരിക്കലും ഡ്രാഗണ്‍ ഡ്രിങ്ക് ഓഡര്‍ ചെയ്തിട്ടില്ലല്ലോ എന്നാണ് അവര്‍ ട്വിറ്റര്‍ അക്കൌണ്ടില്‍ പറഞ്ഞത്.

Scroll to load tweet…