Asianet News MalayalamAsianet News Malayalam

എച്ച്ബിഒ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു

എന്നാല്‍ വാര്‍ണര്‍ മീഡിയയുടെ തന്നെ കുട്ടികളുടെ ചാനലായ 'കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കും' 'പോഗോ'യും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും. 

hbo to be discontinued in india
Author
Thiruvananthapuram, First Published Oct 15, 2020, 7:03 PM IST

അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒ (ഹോം ബോക്സ് ഓഫീസ്), ഡബ്ല്യുബി എന്നിവ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്‍റര്‍നാഷണല്‍ അറിയിച്ചതാണ് ഇത്. ഇന്ത്യയിലും പാകിസ്താനിലുമാണ് എച്ച്ബിഒ സംപ്രേഷണം നിര്‍ത്തുന്നത്. ഇന്ത്യയ്ക്കും പാകിസ്താനും പുറമെ ബംഗ്ലാദേശിലും മാലിദ്വീപിലുമാണ് ഡബ്ല്യുബി സംപ്രേഷണം അവസാനിപ്പിക്കുന്നത്. ഡിസംബര്‍ 15ന് ഇരുചാനലുകളും ഈ രാജ്യങ്ങളില്‍ സംപ്രേഷണം നിര്‍ത്തും.

എന്നാല്‍ വാര്‍ണര്‍ മീഡിയയുടെ തന്നെ കുട്ടികളുടെ ചാനലായ 'കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കും' 'പോഗോ'യും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും. ഇന്ത്യയില്‍ കുട്ടികളുടെ ചാനലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും വര്‍ധിച്ചുവരുന്ന പ്രാദേശിക അനിമേഷന്‍ പ്രൊഡക്ഷനുകളെയും തങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും വാര്‍ണര്‍ മീഡിയ പറയുന്നു. 

രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്ബിഒ ഇതോടെ അവസാനിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രേക്ഷകരുടെ മാറ്റവും കൊവിഡ് പ്രതിസന്ധിയുമൊക്കെ ചേര്‍ന്നാണ് ഇത്തര തീരുമാനത്തിലേക്ക് വാര്‍ണര്‍ മീഡിയയെ നയിച്ചതെന്നാണ് സൂചന. കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായി വാര്‍ണര്‍ മീഡിയയുടെ മുംബൈ, ദില്ലി, ബംഗളൂരു ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വാര്‍ണര്‍ മീഡിയയുടെ തന്നെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഇന്‍റര്‍നാഷണലിന്‍റെ ഓപറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളും ഈ ഓഫീസുകളില്‍ നിന്നാവും പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ ഡിസ്‍നി + ഹോട്ട്സ്റ്റാറുമായുള്ള കരാര്‍ അനുസരിച്ചുള്ള കണ്ടന്‍റ് ഷെയറിംഗ് ഇനിയും തുടരും. എച്ച്ബിഒ ഒറിജിനലുകള്‍ ആയിരുന്ന വെസ്റ്റ് വേള്‍ഡും ഗെയിം ഓഫ് ത്രോണ്‍സുമൊക്കെ ഹോട്ട്സ്റ്റാറിലൂടെയാണ് ഇന്ത്യയില്‍ ഭൂരിഭാഗം പ്രേക്ഷകരും കണ്ടിരുന്നത്. 

Follow Us:
Download App:
  • android
  • ios