Asianet News MalayalamAsianet News Malayalam

ഒരു ക്രിക്കറ്റ് താരത്തിന്റെ ഫാൻ മൊമന്റ്, സ്റ്റൈല്‍ മന്നനെ കണ്ട അനുഭവം പങ്കുവച്ച് ഹേമംഗ് ബദാനി

രജനികാന്തിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് ക്രിക്കറ്റ് താരം ഹേമംഗ് ബദാനി.

Hemang Badanis fan moment with Rajinikanth
Author
Chennai, First Published Oct 3, 2019, 6:44 PM IST

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളായിരിക്കും രജനികാന്ത്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ രജനികാന്തിന്റെ ആരാധകരാണ്. ഇപ്പോഴിതാ ഒരു ആരാധകൻ രജനികാന്തിനൊപ്പം എടുത്ത ഫോട്ടോയാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന ഹേമംഗ് ബദാനിയാണ് രജനികാന്തിന് ഒപ്പമെടുത്ത ഫോട്ടോ ഷെയര്‍ ചെയ്‍തത്.

ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോഴായിരുന്നു രജനികാന്തിനെ കാണാൻ അവസരം കിട്ടിയത് എന്ന് ഹേമംഗ് ബദാനി പറയുന്നു. റൂമിലേക്ക് തിരിച്ചുപോകാൻ നില്‍ക്കുകയായിരുന്നു. ലിഫ്റ്റിന്റെ വാതില്‍ തുറന്നപ്പോള്‍ അദ്ഭുതമായിരുന്നു, അദ്ദേഹം അവിടെ ഒരു രാജാവിനെപ്പോലെയുണ്ടായിരുന്നു. വളരെ വിനയപൂര്‍വം പെരുമാറുന്ന ഒരാളാണ് അദ്ദേഹം എന്ന് ആള്‍ക്കാര്‍ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ അത് നേരിട്ട് കണ്ടു. അദ്ദേഹത്തിന്റെ ചെറിയ സമയമായിരുന്നു, പക്ഷേ എനിക്ക് ജീവിതകാലം മുഴുവൻ ഓര്‍മ്മിക്കാനുള്ളതാണ് അത്- 2001ല്‍ ഓസ്‍ട്രേലിയയ്‍ക്ക് എതിരെ സെഞ്ച്വറി നേടി ഇന്ത്യൻ ആരാധകരുടെ പ്രിയം സ്വന്തമാക്കിയ ഹേമംഗ് ബദാനി പറഞ്ഞു. അതേസമയം ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നു. തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏറെക്കാലത്തിന് ശേഷം രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തുകയാണ് ദര്‍ബാറില്‍.  ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്തിന്റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios