ഈദ് റിലീസ് ആണ് ചിത്രം
ഇന്ത്യന്‍ സ്ക്രീനിലെ ആക്ഷന്‍ ഹീറോകളില്‍ മുന്‍നിരക്കാരനാണ് ടൈഗര്‍ ഷ്രോഫ് (Tiger Shroff). ടൈഗറിന്‍റെ അടുത്ത റിലീസ് ആണ് അഹമ്മദ് ഖാന്‍ സംവിധാനം ചെയ്യുന്ന ഹീറോപന്തി 2 (Heropanti 2). 2014ല്‍ പുറത്തെത്തിയ, ടൈഗറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന ഹീറോപന്തിയുടെ രണ്ടാംഭാഗമാണ് ചിത്രം. നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സാജിദ് നദിയാദ്‍വാല നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.
ഈദ് റിലീസ് ആയി ഏപ്രില്‍ 29ന് ചിത്രം തിയറ്ററുകളിലെത്തും. താര സുതരിയയാണ് ചിത്രത്തില്‍ നായിക. നായികാനായകന്മാരെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ കാത്തിരിപ്പുയര്‍ത്തിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഹീറോപന്തി 2.
സ്റ്റുഡന്‍റ് ഓഫ് ദ് ഇയര്‍ 2നു ശേഷം ടൈഗര്‍ ഷ്രോഫും താര സുതരിയയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഒരു പ്രധാന കഥാപാത്രമായി നവാസുദ്ദീന്‍ സിദ്ദിഖിയും എത്തുന്ന ചിത്രത്തിന്‍റെ സംഗീതം എ ആര്‍ റഹ്‍മാനാണ്. രജത് അറോറയുടേതാണ് ചിത്രത്തിന്‍റെ രചന. ബാഗി 3ന് ശേഷം തിയറ്ററുകളിലെത്തുന്ന ടൈഗര്‍ ഷ്രോഫ് ചിത്രമാണിത്.
