ഭാര്യ അയ്‍ഷതിന് ജന്മദിന ആശംസകളുമായി പ്രണയാര്‍ദ്രമായ കുറിപ്പ് പങ്കുവെച്ച് സംഗീത സംവിധായകൻ ഹിഷാം.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായി മാറിയിരിക്കുകയാണ് ഹിഷാം അബ്‍ദുള്‍ വഹാബ് (Hesham Abdul Wahab). വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം 'ഹൃദയ'ത്തിലെ ഗാനങ്ങളാണ് ഹിഷാമിനെ അടുത്തകാലത്ത് കൂടുതല്‍ ശ്രദ്ധേയനാക്കിയത്. പ്രണവ് മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിലെ 'ദര്‍ശന' എന്ന ഗാനം ഓണ്‍ലൈനില്‍ തരംഗമായി മാറി. ഭാര്യ അയ്‍ഷതിന് (Ayshath Safa) ജന്മദിന ആശംസകളുമായി പ്രണയാര്‍ദ്രമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഹിഷാം.

നീ ഒരു വയസ്സൂകൂടി മറികടന്നെന്ന് എനിക്കൊഴികെ എല്ലാവർക്കും ബോധ്യമായെന്ന് തോന്നുന്നു, പക്ഷേ എന്റെ കണ്ണിൽ, ഞാൻ നിന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ നീ എങ്ങനെയായിരുന്നു അതുപോലെ തന്നെയാണ്, മനോഹരി. എന്റെ പ്രിയപ്പെട്ട ഭാര്യക്ക് ജന്മദിന ആശംസകൾ. ഐഷുവിന് ജന്മദിനാശംസകൾ. ദൈവം നിന്നെ അനുഗ്രഹിക്കുകയും എല്ലായ്‍പ്പോഴും എന്നപോലെ സുരക്ഷിതയായി നിലനിര്‍ത്തുകയും ചെയ്യട്ടെ. അയ്‍ഷത് സഫയ്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് എല്ലാത്തിനും നന്ദിയെന്നും എഴുതിയിരിക്കുന്നു ഹിഷാം.

റിയാദില്‍ ജനിച്ച ഹിഷാം കേരളത്തില്‍ എത്തുന്നത് 'ഐഡിയാ സ്റ്റാര്‍ സിംഗര്‍' റിയാലിറ്റി ഷോയുടെ ഭാഗമായിട്ടായിരുന്നു. ദുബായില്‍ ഓഡിയോ എഞ്ചിനീയറായി കുറച്ചു കാലം പ്രവര്‍ത്തിച്ച ഹിഷാം 'സാള്‍ട്ട് മാംഗോ ട്രീ' എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായത്. ആദ്യ സംഗീത സംവിധാന സംരഭത്തില്‍ തന്നെ ഒരു ഗാനം ആലപിക്കുകയും ചെയ്‍തു ഹിഷാം. മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള ചിത്രമായ 'ടേക്ക് ഓഫ്' ഉള്‍പ്പടെയുള്ളവയില്‍ ഗായകനായി ശ്രദ്ധേയനായി.

ജോജു ജോര്‍ജ് ചിത്രം 'മധുര'മാണ് ഹിഷാമിന്റെ സംഗീത സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'എന്തിനാണ് എന്തിനാണ്' എന്നു തുടങ്ങുന്ന ഒരു ഗാനവും 'മധുര'ത്തിനായി ഹിഷാം ആലപിച്ചി. ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം 'ഹൃദയ'മാണ്. സ്വന്തം സംഗീത സംവിധാനത്തില്‍ ചിത്രത്തിനായി 'ദര്‍ശന' എന്ന ഹിറ്റ് ഗാനം ആലപിച്ചതും ഹിഷാം തന്നെയാണ്.