മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമാണ്, പകരം സംരക്ഷണം തേടി കോടതിയിൽ വന്നതെന്തിനാണെന്ന് കർണാടക ഹൈക്കോടതി ചോദിച്ചു.

ബെംഗ്ളൂരു : മണിരത്നം സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ തമിഴ് ഭാഷാ ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രം 'തഗ് ലൈഫ്' സിനിമാ നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽഹാസൻ ചരിത്രകാരനാണോ? ഭാഷാ വിദഗ്ധനാണോ? മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നത്തിൽ, പകരം സംരക്ഷണം തേടി കോടതിയിൽ വന്നതെന്തിനാണെന്ന് കർണാടക ഹൈക്കോടതി ചോദിച്ചു.

ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് രാജ് കമൽ ഇന്‍റർനാഷണലിന്‍റെ ഹർജി പരിഗണിച്ചത്. മുൻപ് സി രാജഗോപാലാചാരി ഇത്തരത്തിൽ പരാമർശം നടത്തിയതാണ്. അന്നദ്ദേഹം മാപ്പ് പറഞ്ഞു. അദ്ദേഹത്തിന് മാപ്പ് പറയാമെങ്കിൽ കമൽഹാസന് മാപ്പ് പറഞ്ഞുകൂടേ എന്നാണ് കോടതി ചോദിച്ചത്. 

ഭാഷ മനുഷ്യരുടെ വികാരമാണ്, അതിനെ വ്രണപ്പെടുത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. നാക്കുപിഴ ആർക്കും സംഭവിക്കാം, അതിൽ മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കമൽ മാപ്പ് പറയാൻ തയ്യാറുണ്ടോ എന്നും കോടതി ആരാഞ്ഞു. അത് തീരുമാനിക്കേണ്ടത് കമൽഹാസനാണെന്ന് അഭിഭാഷകൻ മറുപടി നൽകി. കമലിന്‍റെ ഹർജിയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉത്തരവ് വരും.

തഗ് ലൈഫ്' കർണാടകയിൽ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കമൽഹാസൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കമൽഹാസന് വേണ്ടി രാജ് കമൽ ഇന്‍റർനാഷണലാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കന്നഡ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്ന, പ്രമോഷൻ പരിപാടിക്കിടെ കമൽഹാസൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബർ കർണാടകയിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്. കമൽഹാസന്‍റെ വാക്കുകൾ സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റി വളച്ചൊടിച്ചെന്നാണ് ഹർജിയിൽ സൂചിപ്പിക്കുന്നത്. ജൂൺ 5-നാണ് തഗ് ലൈഫിന്‍റെ ആഗോള റിലീസ്.

പ്രസ്താവനയിലും ഖേദം പ്രകടിപ്പിക്കാൻ കമൽ തയ്യാറായില്ല

ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലും ഖേദം പ്രകടിപ്പിക്കാൻ കമൽ തയ്യാറായില്ല. താൻ പറഞ്ഞ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതിൽ വേദനയുണ്ടെന്നും തമിഴും കന്നഡയും ഒരു കുടുംബത്തിൽ പെട്ടതാണെന്നാണ് താൻ പറഞ്ഞതെന്നും കർണാടക ഫിലിം ചേംബറിന് നൽകിയ കത്തിൽ കമൽ പറയുന്നു. നടൻ ശിവരാജ് കുമാറിന് ഉണ്ടായ ബുദ്ധിമുട്ടിൽ തനിക്ക് ഖേദമുണ്ട് എന്നും കമൽ കത്തിൽ പറഞ്ഞു.