നന്ദമുരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2 താണ്ഡവം' തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ഭേദപ്പെട്ട കളക്ഷൻ നേടിയിരുന്നു. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
തന്റെ സിനിമകളിലൂടെ പലപ്പോഴും ട്രോളുകൾ ഏറ്റുവാങ്ങുന്ന നടനാണ് നന്ദമുരി ബാലകൃഷ്ണ എന്ന ആരാധകരുടെ ബാലയ്യ. യുക്തിക്ക് അനുസരിച്ചല്ലാത്ത മാസാണ് അതിന് പ്രധാന കാരണം. എന്നിരുന്നാലും മലയാളികൾക്ക് അടക്കം ബാലയ്യയുടെ സിനിമകളോടൊരു പ്രത്യേകത താല്പര്യമുണ്ടെന്നത് യാഥാർത്ഥ്യവുമാണ്. ബാലയ്യയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് അഖണ്ഡ 2 താണ്ഡവം. ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ അഖണ്ഡയുടെ രണ്ടാം ഭാഗമായി ഒരുങ്ങിയ ചിത്രം വലിയ ഹൈപ്പിലാണ് തിയറ്ററുകളിൽ എത്തിയത്. പക്ഷേ സമ്മിശ്ര പ്രതികരണവും ട്രോളുകളുമാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നിരുന്നാലും ഭേദപ്പെട്ട കളക്ഷൻ ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇപ്പോഴിതാ അഖണ്ഡ 2 ഒടിടിയിലേക്ക് എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ജനുവരി 9ന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഇതുപ്രകാരം തിയറ്റർ റിലീസ് കഴിഞ്ഞ് 28-ാം ദിവസമാണ് അഖണ്ഡ 2 ഒടിടിയിൽ എത്തുന്നത്. ബോയപതി ശ്രീനു രചനയും സംവിധാനം നിർവഹിച്ച ചിത്രമാണ് അഖണ്ഡ. ഡിസംബർ 12ന് ആയിരുന്നു റിലീസ്.
ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 122.6 കോടിയാണ് അഖണ്ഡ 2വിന്റെ ഫൈനൽ കളക്ഷൻ. ബജറ്റ് 200 കോടിയും. ഇന്ത്യ നെറ്റ് കളക്ഷൻ 93.4 കോടിയും ഗ്രോസ് കളക്ഷൻ 110.25 കോടിയുമാണ്. ഓവർസീസിൽ നിന്നും 12.35 കോടി രൂപയും അഖണ്ഡ 2 നേടിയിട്ടുണ്ട്. നന്ദമുരി ബാലകൃഷ്ണ, സംയുക്ത മേനോൻ, ആദി പിനിസെട്ടി, ഹർഷാലി മൽഹോത്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തമൻ എസ് സംഗീതസംവിധാനവും സി രാംപ്രസാദ് ഛായാഗ്രഹണവും തമ്മിരാജു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.



