തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ച് ശ്രദ്ധേയനായതാണ് സന്തോഷ് നാരായണൻ. രജനികാന്ത് ചിത്രത്തിലെ 'നെരുപ്പ് ഡാ' അടക്കമുള്ള ഗാനങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരൻ. തമിഴകത്ത് മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലെല്ലാം ശ്രദ്ധേയനാണ് സന്തോഷ് നാരായണൻ. ഇപ്പോഴിതാ നവാഗത സംവിധായകൻ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മലയാളത്തിലും സന്തോഷ് നാരായണൻ സംഗീത സംവിധായകനായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിനു എബ്രഹാം തിരക്കഥയെഴുതി ടൊവിനൊ തോമസ് നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനമാണ് സന്തോഷ് നാരായണൻ നിര്‍വഹിക്കുക.

പ രഞ്‍ജിത്ത് സംവിധാനം ചെയ്‍ത ആട്ടക്കത്തി എന്ന തമിഴ് സിനിമയിലൂടെയാണ് 2012ല്‍ ആണ് സന്തോഷ് നാരായണൻ സ്വതന്ത്ര സംഗീത സംവിധായകനാണ്. പ രഞ്‍ജിത്തിന്റെ കബാലി, കാല, വെട്രിമാരന്റെ വടാ ചെന്നൈ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആയിരുന്നു. സന്തോഷ് നാരായണന്റെ സംഗീത സംവിധാനത്തില്‍ രജനികാന്തിന്റെ ഇൻട്രോ സോംഗുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ജഗമേ തന്തിരം എന്ന ചിത്രത്തിലെയടക്കം ഗാനങ്ങള്‍ സ്വന്തം സംവിധാനത്തില്‍ സന്തോഷ് നാരായണൻ പാടിയിട്ടുമുണ്ട്. ടൊവിനൊ നായകനാകുന്ന സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സിനിമയുടെ പേരും മറ്റും വിവരങ്ങളും ഉടൻ പുറത്തുവിടും.

സൈജു ശ്രീധര്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക.