ബ്രിട്ടീഷ് നടിയും റേഡിയോ അവതാരകയുമായ ജമീല അലിയ ജമീലും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഏതാനും മാസങ്ങളായി താന്‍ കര്‍ഷക സമരത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും എന്നാല്‍ കൊലപാതക, ബലാത്സംഗ ഭീഷണികള്‍ അടക്കമാണ് സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടിവരുന്നതെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

പ്രശസ്‍ത പോപ് ഗായിക റിഹാനയുടെ ട്വീറ്റിനു പിന്നാലെ, ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് ആരംഭിച്ച ചൂടുപിടിച്ച സംവാദം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പല പ്രശസ്തരും വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി എത്തുന്നുമുണ്ട്. മികച്ച നടിക്കുള്ള ഓസ്‍കര്‍ അടക്കം നേടിയിട്ടുള്ള മുതിര്‍ന്ന അമേരിക്കന്‍ നടിയും ആക്ടിവിസ്റ്റുമായ സൂസന്‍ സറാന്‍ഡണ്‍ ആണ് ഏറ്റവുമൊടുവില്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ചുള്ള ന്യൂയോര്‍ക് ടൈംസ് വാര്‍ത്തയ്ക്കൊപ്പമാണ് സൂസന്‍ വിഷയത്തിലെ തന്‍റെ നിലപാട് ട്വീറ്റ് ചെയ്തത്.

"ഇന്ത്യയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരെന്നും സമരം എന്തിനെന്നുമറിയാന്‍ ഇത് വായിക്കുക", സൂസന്‍ ട്വിറ്ററില്‍ കുറിച്ചു. 33,000ല്‍ അധികം ലൈക്കുകളും 12,000ല്‍ അധികം ഷെയറുകളും ഈ ട്വീറ്റിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

Scroll to load tweet…

ബ്രിട്ടീഷ് നടിയും റേഡിയോ അവതാരകയുമായ ജമീല അലിയ ജമീലും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഏതാനും മാസങ്ങളായി താന്‍ കര്‍ഷക സമരത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും എന്നാല്‍ കൊലപാതക, ബലാത്സംഗ ഭീഷണികള്‍ അടക്കമാണ് സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടിവരുന്നതെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് ഏതാനും മാസങ്ങളായി ഞാന്‍ സംസാരിക്കുന്നുണ്ട്. പക്ഷേ ഓരോ തവണയും കൊലപാതക, ബലാത്സംഗ ഭീഷണികളാണ് നേരിടേണ്ടിവരുന്നത്. സോഷ്യല്‍ മീഡിയയില്‍ മെസേജ് അയക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക, ഒരു മനുഷ്യനാണ് ഞാന്‍. ഇന്ത്യയിലെ കര്‍ഷകരടക്കം അവകാശത്തിനായി സമരം ചെയ്യുന്നവര്‍ക്കൊപ്പമാണ് തീര്‍ച്ഛയായും ഞാന്‍. അഭിപ്രായം പറയുന്ന പുരുഷന്മാര്‍ക്കെതിരെയും നിങ്ങള്‍ ഇത്തരത്തിലുള്ള സമ്മര്‍ദ്ദം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകളെപ്പോലെ അവര്‍ക്ക് അക്രമം നേരിടേണ്ടിവരില്ല എന്ന് അറിയുന്നതുകൊണ്ട് പറയുന്നതാണ്", ജമീല ജമീല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View post on Instagram

കര്‍ഷക സമരത്തെത്തുടര്‍ന്ന് സമരമേഖലയിലെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ചുള്ള വിദേശ മാധ്യമത്തിന്‍റെ ഓണ്‍ലൈന്‍ വാര്‍ത്താലിങ്കിനൊപ്പമായിരുന്നു 'നമ്മള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തതെ'ന്ന് ചോദിച്ചുകൊണ്ടുള്ള റിഹാനയുടെ ട്വീറ്റ്. ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്, മുന്‍ പോണ്‍ താരവും നടിയുമായ മിയ ഖലീഫ തുടങ്ങിയവരും കര്‍ഷക സമരത്തിന് ഐദ്യദാര്‍ഢ്യവുമായി രംഗത്തെത്തിയതോടെ ട്വിറ്ററില്‍ ഒരു പോര്‍മുഖം തുറന്നതുപോലെയായി. റിഹാനയുടെയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെയും ട്വീറ്റുകള്‍ക്കു പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'പ്രചാരവേലയ്ക്കെതിരെ ഇന്ത്യ' എന്ന ഹാഷ് ടാഗോടെയായിരുന്നു മന്ത്രാലയത്തിന്‍റെ പ്രതികരണം. തുടര്‍ന്ന് അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, അജയ് ദേവ്‍ഗണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്ന അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സമാന നിലപാടും ഹാഷ് ടാഗുകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. തപ്‍സി പന്നു, ഡിസൈനര്‍ ഫറ ഖാന്‍ തുടങ്ങി അപൂര്‍വ്വം ചിലരാണ് ബോളിവുഡില്‍ നിന്ന് വിഷയത്തില്‍ എതിരഭിപ്രായമുയര്‍ത്തി രംഗത്തെത്തിയത്