ദൃശ്യം 2, വണ്‍, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ക്രിസ്‍മസ് ദിനത്തില്‍

വലിയ പ്രീ-റിലീസ് ഹൈപ്പ് ഒന്നുമില്ലാതെ ഒരു കൊച്ചു ചിത്രമായി വന്ന് പ്രേക്ഷകരുടെ മനംകവര്‍ന്ന സിനിമയായിരുന്നു 'ഹോം' (Home). ഇന്ദ്രന്‍സ് (Indrans) പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്‍തത് റോജിന്‍ തോമസ് ആയിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയുടെ ഓണം റിലീസ് ആയി എത്തിയ ചിത്രം ടെലിവിഷന്‍ പ്രീമിയറിന് (Television Premiere) തയ്യാറെടുത്തിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ (Asianet) ക്രിസ്‍മസ് ദിനത്തില്‍ രാത്രി 8 മണിക്കാണ് പ്രദര്‍ശനം.

സാങ്കേതിക പരിജ്ഞാനം കുറഞ്ഞ, കുടുംബത്തിനുള്ളിലെങ്കിലും മക്കളോടുള്ള ജനറേഷന്‍ ഗ്യാപ്പിന്‍റെ വിഷമത നേരിടുന്ന ഒരു മധ്യവര്‍ഗ്ഗ കടുംബനാഥനായിരുന്നു ഇന്ദ്രന്‍സിന്‍റെ കേന്ദ്ര കഥാപാത്രം. ഒലിവര്‍ ട്വിസ്റ്റ് എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‍ലെന്‍ കെ ഗഫൂര്‍, കൈനകരി തങ്കരാജ്, ജോണി ആന്‍റണി, കെപിഎസി ലളിത, വിജയ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തെ പ്രശംസിച്ച് മറുഭാഷകളില്‍ നിന്നടക്കം നിരവധി സിനിമാപ്രവര്‍ത്തകരും എത്തിയിരുന്നു. 

അതേസമയം ഏഷ്യാനെറ്റിന്‍റെ ക്രിസ്‍മസ് സ്പെഷല്‍ പരിപാടികളായി മറ്റു ശ്രദ്ധേയ സിനിമകളും വിവിധ പരിപാടികളുമുണ്ട്. രാവിലെ 8.30ന് മോഹന്‍ലാല്‍ നായകനായ ത്രില്ലര്‍ ചിത്രം ദൃശ്യം 2, ഉച്ചയ്ക്ക് 12ന് മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തിയ വണ്‍, ഉച്ച കഴിഞ്ഞ് 3ന് പൃഥ്വിരാജ് നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കോള്‍ഡ് കേസ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ സൂപ്പർ ഹിറ്റ് മ്യൂസിക്കൽ ഗെയിം ഷോയുടെ ക്രിസ്‍മസ് സ്പെഷൽ എപ്പിസോഡ് വൈകിട്ട് 6 മണിക്കും സൂപ്പർഹിറ്റ് പാരമ്പരകളായ സാന്ത്വനം 7 മണിക്കും 'അമ്മ അറിയാതെ 7.30 നും പ്രേക്ഷകർക്ക് മുന്നിൽ എത്തും. കൂടാതെ ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ, പ്രശസ്ത താരങ്ങളുടെ അഭിമുഖങ്ങൾ, സ്റ്റേജ് ഇവെന്റുകൾ, മ്യൂസിക്കൽ പരിപാടികൾ എന്നിവയും സംപ്രേഷണം ചെയ്യും.