സ്ത്രീകളെ മോശമായി ചിത്രീകരിച്ച് വരുമാനം നേടുന്നതിനെയും ഹണി റോസ് വിമർശിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. 

ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷ പ്രതികരണവുമായി ഹണി റോസ്. ശരീരത്തെ അധിക്ഷേപിക്കുന്നവർ മറുവശത്ത് ഇരിക്കുന്ന ആളുടെ മാനസികാവസ്ഥ മനസിലാക്കാത്തവർ ആണെന്ന് നടി ഗൗരി കിഷന്റെ അനുഭവം സൂചിപ്പിച്ച് ഹണി റോസ് പറയുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവർ അതിൽ നിന്ന് വരുമാനം ഉണ്ടാക്കുമ്പോൾ എന്ത് മാറ്റം വരാനാണെന്നും ഹണി റോസ് ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം.

അതേസമയം ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചൽ' ആണ് ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രം. കരിയറിൽ ഇതുവരെകാണാത്ത വേഷപ്പകർച്ചയിലാണ് താരം ചിത്രത്തിലെത്തുന്നത്. ചിത്രം ഡിസംബർ 12 മുതലാണ് തിയേറ്ററുകളിൽ എത്തുന്നത്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ആദ്യ ഗാനമായി ഇറങ്ങിയ 'കണ്ണിൽ മാരിവില്ലിൻ ചെണ്ട്...' ഏറെ സ്വീകാര്യത നേടുകയുണ്ടായി.

വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകിയിരിക്കുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനേയും ബാബുരാജിനേയും റോഷനേയും കൂടാതെ ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോൺ, ദിനേശ് പ്രഭാകര്‍, ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.