പ്രഖ്യാപന സമയത്തുതന്നെ വാര്‍ത്താപ്രാധാന്യം നേടിയ പ്രോജക്റ്റ്

ബോളിവുഡില്‍ ഷാരൂഖ് ഖാന്‍ നടത്തിയതുപോലെ ഒരു തിരിച്ചുവരവ് ഏത് ഭാഷാ സിനിമയിലെ ഏത് അഭിനേതാവും ആഗ്രഹിക്കുന്ന ഒന്നാണ്. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ എടുത്ത ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ഒരേ വര്‍ഷം രണ്ട് വന്‍ വിജയങ്ങള്‍. ബോളിവുഡില്‍ പൊതുവില്‍ വിജയങ്ങള്‍ കുറഞ്ഞ കാലത്ത് ഒരേ വര്‍ഷം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച രണ്ട് ചിത്രങ്ങള്‍! ജനുവരിയില്‍ എത്തിയ പഠാനും സെപ്റ്റംബറില്‍ എത്തിയ ജവാനുമാണ് ആ ചിത്രങ്ങള്‍. ഈ വര്‍ഷം അവസാനിക്കുംമുന്‍പ് കിംഗ് ഖാന്‍റേതായി ഒരു ശ്രദ്ധേയ ചിത്രം കൂടി വരാനുണ്ട്. മുന്നാഭായ് എംബിബിഎസും 3 ഇഡിയറ്റ്സും പികെയുമൊക്കെ ഒരുക്കി ഞെട്ടിച്ച രാജ്‍കുമാര്‍ ഹിറാനിയാണ് ആദ്യമായി ഷാരൂഖ് ഖാനുമായി ഒരുമിക്കുന്നത്.

ഇക്കാരണത്താല്‍ തന്നെ പ്രഖ്യാപന സമയത്തുതന്നെ വാര്‍ത്താപ്രാധാന്യം നേടിയ പ്രോജക്റ്റുമാണ് ഇത്. റെഡ് ചില്ലീസും രാജ്‍കുമാര്‍ ഹിറാനി ഫിലിംസും ജിയോ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഡിസംബര്‍ 22 ആണ്. റിലീസിന് കഷ്ടി രണ്ട് മാസം ശേഷിക്കെ ചിത്രത്തിന്‍റെ ആദ്യ റിവ്യൂ പുറത്തെത്തിയിട്ടുണ്ട്. രാജ്‍കുമാര്‍ ഹിറാനി ഇതുവരെ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലെയും സാന്നിധ്യമായ ബൊമാന്‍ ഇറാനിയാണ് ചിത്രം കണ്ട അഭിപ്രായം പങ്കുവച്ച് രം​ഗത്തെത്തിയത്. ഡങ്കിയിലും അദ്ദേഹത്തിന് കഥാപാത്രമുണ്ട്.

സിന്തായുടെ (സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) മുംബൈയിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴാണ് ഡങ്കിയില്‍ തനിക്കുള്ള പ്രതീക്ഷകളെക്കുറിച്ച് ബൊമാന്‍ ഇറാനി പറഞ്ഞത്. സിനിമയുടെ ആദ്യ ഡ്രാഫ്റ്റ് താന്‍ കണ്ടുവെന്നും പടം നന്നായി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഷാരൂഖ് ഖാന്‍ ഹാട്രിക്ക് വിജയം നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ ഐഫ 2023 അവാര്‍ഡ് വേദിയില്‍ ചിത്രത്തിന്‍റെ സെറ്റില്‍ താന്‍ കണ്ട ഷാരൂഖ് ഖാനെക്കുറിച്ച് ബൊമാന്‍ ഇറാനി പറഞ്ഞിരുന്നു. സൂപ്പര്‍താര പരിവേഷത്തിന്‍റെ ഒരു ഛായയുമില്ലാതെ, അത്രയും വിനയത്തോടെയാണ് ഷാരൂഖ് ഖാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

അതേസമയം ഡങ്കിയുടെ റിലീസ് ദിനത്തില്‍ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രവും തിയറ്ററുകളില്‍ എത്തുന്നുണ്ട്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ പ്രഭാസ് ചിത്രം സലാര്‍1 ആണ് അത്. ഇക്കാരണങ്ങളാല്‍ തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പ് ഇതിനകം ലഭിച്ചിരിക്കുന്ന ചിത്രവുമാണ് ഇത്. പ്രഭാസിന്‍റെ തിരിച്ചുവരവ് ചിത്രം ആവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സലാറില്‍ പ്രതിനായകനായി എത്തുന്നത് പൃഥ്വിരാജ് ആണ്.

ALSO READ : പോസ്റ്റിന് ലഭിക്കുന്ന ഐക്യദാര്‍ഢ്യം; ഷെയ്ന്‍ നിഗത്തിന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക