നിവിൻ പോളിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ 'സർവ്വം മായ' എന്ന ഹൊറർ-കോമഡി ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരിക്കുകയാണ്. നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമ സംവിധാനം ചെയ്തത് അഖിൽ സത്യൻ ആണ്.
ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളി വൻ തിരിച്ചുവരവ് നടത്തിയ പടമാണ് സർവ്വം മായ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടി. ഒപ്പം ബോക്സ് ഓഫീസിലും സർവ്വം മായ ആധിപത്യം സൃഷ്ടിച്ചു. ഹൊറർ- കോമഡി ജോണറിൽ റിലീസ് ചെയ്ത ചിത്രം ഇതിനകം 100 കോടി ക്ലബ്ബിലും ഇടംപിടിച്ച് മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ സർവ്വം മായ കണ്ട് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ. സ്വപ്ന തുല്യമായ ഫീഡ് ബാക്കുകളാണ് സിനിമയ്ക്ക് ലഭിച്ചതെന്നും അഖിൽ പറയുന്നു.
"സ്വപ്ന തുല്യമായ ഫീഡ് ബാക്ക് ആയിരുന്നു കിട്ടിയത്. മമ്മൂക്ക അച്ഛനെയാണ് വിളിച്ചത്. എഴുത്തിനെയും മേക്കിങ്ങിനെയും പറ്റി പറഞ്ഞു. അച്ഛനോട് മമ്മൂക്ക പറഞ്ഞത്, 'അവന്റെ സിനിമ ഒരു മുള്ള് പോലും കളയാതെ ഞാൻ കഴിച്ചു' എന്നാണ്. ഭയങ്കര പൊയറ്റിക്കായി പറഞ്ഞതാണ്. മമ്മൂക്ക ആ രീതിയിൽ രസകരമായി സംസാരിക്കും. അദ്ദേഹത്തിന്റെ സ്പീച്ച് പോലും ഭയങ്കര രസമാണ്. ഒരു ലിറ്ററേച്ചറാണത്. ഒരു മുള്ള പോലും കളയാതെ ഞാൻ കഴിച്ചു എന്നത് എനിക്ക് ഭയങ്കര ഭംഗിയായി തോന്നി", എന്നായിരുന്നു അഖിൽ സത്യന്റെ വാക്കുകൾ. ക്യു സ്റ്റുഡിയയോട് ആയിരുന്നു അഖിലിന്റെ പ്രതികരണം.

ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആണ് സർവ്വം മായ തിയറ്ററുകളിൽ എത്തിയത്. സിനിമയുടെ ആദ്യ പകുതി നിവിൻ - അജു വർഗീസ് കൂട്ടുകെട്ടിൻ്റെ ഹ്യൂമർ രംഗങ്ങൾ കൊണ്ട് തിയറ്ററുകളിൽ പൊട്ടിചിരി ഉണ്ടാക്കിയപ്പോൾ രണ്ടാം പകുതി ഇമോഷണൽ രംഗങ്ങൾ കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം തൊട്ടത്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. അജു വർഗീസും നിവിൻ പോളിയും ഒന്നിച്ച പത്താമത്തെ സിനിമ കൂടിയാണ് സർവ്വം മായ.



