ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിന്‍റെ (Hridayam) ഫൈനല്‍ തിയറ്റര്‍ മിക്സ് പൂര്‍ത്തിയായി. മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച വിനീത് ഇനി റിലീസിനായുള്ള കാത്തിരിപ്പ് ആണെന്നും ഫേസ്ബുക്കില്‍ കുറിച്ചു. "എന്തൊരു ഗംഭീര യാത്രയായിരുന്നു ഇത്.. ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. അവര്‍ ഓരോരുത്തര്‍ക്കുമുള്ള പ്രവര്‍ത്തനം വലിയ പഠനാനുഭവം തന്നെയായിരുന്നു", വിനീത് കുറിച്ചു.

പ്രണവിന് നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം വിനീത് സംവിധാനം ചെയ്‍തവയില്‍ ഏറ്റവുമധികം ഗാനങ്ങളുള്ള ചിത്രവുമാണ്. 15 പാട്ടുകളാണ് സിനിമയിലുള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ പുറത്തെത്തിയ 'ദര്‍ശനാ' എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ഏതാനും ദിവസം മുന്‍പ് പുറത്തെത്തിയ ടീസറും ഹിറ്റ് ആണ്.

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. ഒരുകാലത്ത് മലയാളത്തിലെ പ്രശസ്‍ത ബാനര്‍ ആയിരുന്നു മെറിലാന്‍ഡ് സിനിമാസിന്‍റെ തിരിച്ചുവരവ് ചിത്രവുമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മാണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം പ്രണവ് നായകനാവുന്ന ഈ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളിലെത്തും.