ഹൃദയപൂര്‍വ്വം ഓണം റിലീസായി തിയറ്ററുകളിലെത്തും. 

മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് ഹൃദയപൂർവ്വം. ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പോയിലെത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും. ഒരു ഫീൽ​ഗുഡ് എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്. ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയറ്ററിൽ എത്തുക. ഇതോട് അനുബന്ധിച്ച് സിനിമയുടെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.

ഹൃദയപൂർവ്വത്തിന്റെ ടീസർ നാളെ വരുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം അഞ്ച് മണിക്കാകും ടീസർ റിലീസ് ചെയ്യുക. പുത്തൻ അപ്ഡേറ്റ് പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്ത് എത്തി. ഇത്തവണ ഓണം മോഹൻലാലിന് ഒപ്പമെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യുന്നത്. ഒപ്പം സിനിമ വൻ വിജയമാകട്ടെ എന്ന ആശംസയും നൽകുന്നുണ്ട്.

ഇവയ്ക്ക് എല്ലാം പുറമെ ടീസർ അനൗൺസ്മെന്റ് പങ്കുവച്ച് കൊണ്ടുള്ള മോഹൻലാലിന്റെ പോസ്റ്റർ ഭാവമാണ് പ്രേക്ഷക ശ്രദ്ധനേടിയത്. 'എന്തുവാടെയ് ഇത്', എന്ന സംഭാഷണത്തെ ധ്വനിപ്പിക്കുന്ന ഭാവമാണ് മോഹൻലാലിന്റെ മുഖത്ത്. പിന്നാലെ ഇതേതരത്തിൽ കമന്റുകളുമായി നിരവധി പേരും എത്തിയിട്ടുണ്ട്. എന്നാലും ഈ സീനിൽ മോഹൻലാൽ പറഞ്ഞ ഡയലോ​ഗ് ഏതായിരിക്കും എന്ന് ചോദിക്കുന്നവരും ആ രം​ഗത്തിനായി കാത്തിരിക്കുന്നെന്ന് പറയുന്നവരും ധാരാളമാണ്.

അതേസമയം, ഓ​ഗസ്റ്റ് 28ന് ആണ് ഹൃദയപൂര്‍വ്വം തിയറ്ററില്‍ എത്തുന്നത്. തുടരുമിന് ശേഷം സംഗീത് പ്രതാപും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. എന്നും എപ്പോഴും എന്ന ചിത്രമാണ് ഇതിന് മുന്‍പ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പോയില്‍ റിലീസ് ചെയ്ത ചിത്രം. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്