ഹൃത്വിക് റോഷൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം ചിത്രത്തിന് ബിഹാറില്‍ നികുതിയിളവ് പ്രഖ്യാപിച്ചു.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദിയാണ് ചിത്രത്തിന് നികുതി ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. നികുതി ഒഴിവാക്കിയതില്‍ ബിഹാര്‍ സര്‍ക്കാരിന് നന്ദി അറിയിച്ച് ഹൃത്വിക് റോഷനും ആനന്ദ് കുമാറും സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തി.


സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്.  മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.