രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാർ
കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്‌ബസ്റ്ററുകൾക്ക് ശേഷം ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്റ്റാണ് സലാർ. റിലീസിന് ഇനി 3 ദിനങ്ങൾ മാത്രം ശേഷിക്കെ ഈ മെഗാ ആക്ഷൻ പാക്ക്ഡ് ചിത്രത്തിന്റെ ദൃശ്യവിരുന്നിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിന്റെ കൊടുമുടിയിലാണ് സിനിമാപ്രേമികൾ. ഇന്നലെ പുറത്തു വന്ന റിലീസ് ട്രെയ്‍ലര്‍ തന്നെ പ്രേക്ഷകരെ ആവേശം പിടിപ്പിക്കുന്നതാണ്. ഒരു ഹോളിവുഡ് സ്റ്റൈൽ മേക്കിങ് മികവ് തന്നെയാണ് പ്രശാന്ത് നീൽ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്. ഒരു മാസ്, ക്ലാസ് ചിത്രമായിരിക്കും സലാർ. പ്രഭാസ്- പൃഥ്വിരാജ് കോംബോ തിയേറ്ററിൽ ഒരു ഓളം സൃഷ്ടിക്കുമെന്നുള്ളത് തീർച്ച.
രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാർ. ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ആണ് ഈ ചിത്രം കാത്തിരിക്കുന്നത്. ഈ വർഷത്തെ ക്രിസ്മസ് ബോക്സ് ഓഫീസ് സലാര്‍ സ്വന്തമാക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വിജയ് കിരഗണ്ടൂർ, കെ വി രാമറാവു എന്നിവര്‍ ചേർന്നാണ്.
റിബൽ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന സലാറിൽ മലയാളികളുടെ പ്രിയ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്‍രൂര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ ടി എൽ വെങ്കടചലപതി, ആക്ഷൻ അൻമ്പറിവ്, കോസ്റ്റ്യൂം തോട്ട വിജയ് ഭാസ്കർ, എഡിറ്റർ ഉജ്വൽ കുൽകർണി, വി എഫ് എക്സ് രാഖവ് തമ്മ റെഡ്‌ഡി, പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
