Asianet News MalayalamAsianet News Malayalam

'മരക്കാറി'ന് ലഭിച്ച പുരസ്‍കാരം ആ രണ്ട് സംവിധായകര്‍ക്ക് സമര്‍പ്പിക്കുന്നു: പ്രിയദര്‍ശന്‍

മികച്ച ചിത്രത്തിനൊപ്പം മറ്റു രണ്ട് വിഭാഗങ്ങളിലും മരക്കാര്‍ പുരസ്‍കൃതമായിരുന്നു

i am dedicating my national award for marakkar arabikadalinte simham to ramesh sippy and david lean says priyadarshan
Author
Thiruvananthapuram, First Published Jun 1, 2021, 5:26 PM IST

തന്‍റെ ഏറ്റവും പുതിയ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിന് ലഭിച്ച മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് രണ്ട് സംവിധായകര്‍ക്ക് താന്‍ സമര്‍പ്പിക്കുകയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 'ഷോലെ' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ രമേഷ് സിപ്പിയും 'ലോറന്‍സ് ഓഫ് അറേബ്യ' അടക്കം ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ ഒരുക്കിയ ബ്രിട്ടീഷ് സംവിധായകന്‍ ഡേവിഡ് ലീനുമാണ് ആ രണ്ടുപേരെന്ന് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

"ഷോലെ ഒരുക്കിയ രമേഷ് സിപ്പിക്കും വലിയ ഫ്രെയ്‍മുകള്‍ എങ്ങനെ ചിത്രീകരിക്കാമെന്ന് എന്നെ പഠിപ്പിച്ച മാസ്റ്റര്‍ ഡയറക്ടര്‍ ഡേവിഡ് ലീനിനുമായി മരക്കാര്‍- അറബിക്കടലിന്‍റെ സിംഹത്തിന് എനിക്കു ലഭിച്ച മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുന്നു", ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം പ്രിയന്‍ കുറിച്ചു.

മികച്ച ചിത്രത്തിനൊപ്പം മറ്റു രണ്ട് വിഭാഗങ്ങളിലും മരക്കാര്‍ പുരസ്‍കൃതമായിരുന്നു. വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങള്‍ ആയിരുന്നു അവ. മരക്കാരിന്‍റെ സ്പെഷല്‍ എഫക്റ്റ്സ് മേല്‍നോട്ടം നിര്‍വ്വഹിച്ചത് പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥി പ്രിയദര്‍ശന്‍ തന്നെയാണ്. 

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 
 

Follow Us:
Download App:
  • android
  • ios