മുംബൈ: ബോളിവുഡിലെ പ്രമുഖ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തതിനോട് പ്രതികരിച്ച് സംവിധായകന്‍ ആദിത്യ പഞ്ചോളി. കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്ന് ആദിത്യ പഞ്ചോളി പറഞ്ഞു. മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റോഷനിലാണ് പഞ്ചോളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

'' എന്നെ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയതാണ്. എന്‍റെ കയ്യില്‍ അതിനുള്ള എല്ലാ തെളിവുകളും വീഡിയോകളുമുണ്ട്. ഞാന്‍ മുംബൈ പൊലീസിനോട് സഹകരിക്കാന്‍ തയ്യാറാണ്. പൊലീസ് എന്നെ മൊഴിയെടുക്കാന്‍ വിളിച്ചാല്‍ ഞാന്‍ സഹകരിക്കും. അന്വേഷണത്തിന് ഞാന്‍ തയ്യാറാണ്. എനിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ എവിടെയും പോകില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസ് എന്നെ സമീപിച്ചിട്ടില്ല'' - പഞ്ചോളി പറഞ്ഞു. 

സംഭവത്തില്‍ പരാതി നല്‍കിയ നടിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പത്ത് വര്‍ഷം മുമ്പ് ആദിത്യ പഞ്ചോളി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടി നല്‍കിയ പരാതി.