നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ട്രെയ്‍ലറിന് വൻ വരവേൽപ്പ്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിന് പ്രേക്ഷകരില്‍ നിന്ന് വന്‍ വരവേല്‍പ്പ്. ഇന്നലെ വൈകിട്ടാണ് ട്രെയ്‍ലര്‍ പുറത്തെത്തിയത്. 24 മണിക്കൂറിനുള്ളില്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാരെയാണ് ട്രെയ്‍ലര്‍ നേടിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തെത്തിയ ട്രെയ്‍ലര്‍ ആ പ്രേക്ഷകവൃന്ദങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങള്‍ നേടിയിട്ടുണ്ട്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. അതീവ സ്റ്റൈലിഷ് ലുക്കിൽ മാസ്സ് കഥാപാത്രമായാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രതികരണമാണ് നേടിയത്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിന്റെ മ്യൂസിക് അവകാശം നേടിയത് സീ മ്യൂസിക് ആണ്. ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്.

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം". ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം". മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. ഓഗസ്റ്റ് 20 നാണ് ചിത്രത്തിന്‍റെ റിലീസ്.

I'M GAME - Trailer (Malayalam) | Dulquer Salmaan, Kayadu Lohar | Samyuktha | Nahas Hidhayath