റിലീസ് സമയത്ത് പരാജയപ്പെട്ട 'ആയിരത്തിൽ ഒരുവൻ' എന്ന ചിത്രം ഇപ്പോൾ ആഘോഷിക്കുന്നതിൽ അർത്ഥമില്ലെന്ന് സംവിധായകൻ സെൽവരാഘവൻ. ചിത്രത്തിന്റെ പരാജയം അന്ന് വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് സിനിമയിൽ വലിയ ആരാധകരുള്ള സംവിധായകനാണ് സെൽവരാഘവൻ. കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, ആയിരത്തിൽ ഒരുവൻ, മയക്കം എന്ന, ഇരണ്ടാം ഉലകം തുടങ്ങീ ചിത്രങ്ങൾ ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. റിലീസ് സമയത്ത് വലിയ രീതിയിൽ വിമർശനം നേരിട്ട ചിത്രമായിരുന്നു കാർത്തി നായകനായി എത്തിയ ആയിരത്തിൽ ഒരുവൻ. എന്നാൽ പിന്നീട് ചിത്രത്തിന് മികച്ച നിരൂപക പ്രശംസകൾ ലഭിക്കുകയും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ക്ലാസിക് ചിത്രമായി ആയിരത്തിൽ ഒരുവൻ മാറുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഒരുപാട് പ്രേക്ഷകർ ഇന്നും കാത്തിരിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ സിനിമയുടെ പരാജയത്തിൽ തനിക്ക് സങ്കടം തോന്നിയെന്നും ഇപ്പോൾ സിനിമയെ ആഘോഷിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിക്കുകയാണ് സംവിധായകൻ സെൽവരാഘവൻ.
"ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് പ്രേക്ഷകർ മോശം കാര്യങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് എനിക്ക് സങ്കടം തോന്നിയത്. ഇന്ന് അവർ ആഘോഷിക്കുകയാണ്, പക്ഷേ ഇപ്പോൾ ആഘോഷിക്കുന്നതിൽ എന്താണ് പ്രയോജനം? ധാരാളം പണവും സമയവും നിക്ഷേപിച്ചിട്ടുണ്ട്, റിലീസ് സമയത്ത് തിയേറ്ററുകളിൽ അത് ആഘോഷിക്കണം. അവർ ഇപ്പോൾ അത് ആഘോഷിച്ചാലും എനിക്ക് അതിൽ സന്തോഷമില്ല." ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു സെൽവരാഘവന്റെ പ്രതികരണം.
നേരത്തെ ആയിരത്തിൽ ഒരുവന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് സെൽവരാഘവൻ പറഞ്ഞിരുന്നു. സിനിമയുടെ സ്‌ക്രിറ്റ് എഴുതിക്കൊണ്ടിരിക്കുകയാണെന്നും കാർത്തിയുടെ ഡേറ്റ് ലഭിക്കുന്നതിന് അനുസരിച്ച് ബാക്കി കാര്യങ്ങൾ ചെയ്യുമെന്നും സെൽവരാഘവൻ പറഞ്ഞു. "ആയിരത്തിൽ ഒരുവനിൽ പ്രശ്നങ്ങളില്ല, തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതുപോലെ പുതുപ്പേട്ടൈയുടെ സ്ക്രിപ്റ്റ് 50 ശതമാനം പൂർത്തിയായി. രണ്ടു സിനിമകളുടെ കഥയിൽ എനിക്കൊരു തൃപ്തിവരുന്നത് വരെ എഴുതും. കാർത്തിയും ധനുഷും അടുത്ത മൂന്ന് വർഷത്തേക്ക് തിരക്കിലാണ്. എല്ലാം ഒന്ന് ശരിയായി വന്നാൽ സിനിമ തുടങ്ങും." സെൽവരാഘവൻ പറഞ്ഞു.
ബൾട്ടിയിൽ മികച്ച പ്രകടനം
വലിയ പ്രതീക്ഷയോടെയാണ് സെൽവരാഘവന്റെ വാക്കുകളെ സിനിമാപ്രേമികൾ നോക്കികാണുന്നത്. സംവിധാനത്തിന് പുറമെ അഭിനയത്തിലും സജീവമാണ് സെൽവരാഘവൻ. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ഷെയ്ൻ നിഗം ചിത്രം 'ബൾട്ടി'യിൽ ഒരു പ്രധാന വേഷത്തിൽ സെല്വരാഘവൻ എത്തിയിരുന്നു, മികച്ച പ്രതികരണമായിരുന്നു സെൽവരാഘവന്റെ പ്രകടനത്തിന് ലഭിച്ചത്. അതേസമയം ധനുഷ് നായകനായി എത്തിയ 'നാനെ വരുവേൻ' എന്ന ചിത്രമായിരുന്നു സെൽവരാഘവൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന ചിത്രം. 2022 ലായിരുന്നു ചിത്രത്തിന്റെ റിലീസ്.



