'തുടരും' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ, സംവിധായകൻ തരുൺ മൂർത്തി, നിർമ്മാതാവ് രജപുത്ര രഞ്ജിത്ത് എന്നിവർ പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. 'തുടരും' സിനിമയുടെ വിജയാഘോഷ വേളയിലാണ് രഞ്ജിത്ത് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു മോഹൻലാൽ- തരുൺ മൂർത്തി ഒന്നിച്ച 'തുടരും'. വലിയ പ്രീ റിലീസ് ഹൈപ്പുകളിലാതെ വന്ന ചിത്രം ആരാധകർക്കും പ്രേക്ഷകർക്കും ലഭിച്ച അപ്രതീക്ഷിത സമ്മാനം കൂടിയായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ശോഭന ജോഡി ഒന്നിച്ച ചിത്രം കൂടിയായിരുന്നു തുടരും. ഇപ്പോഴിതാ അടുത്ത ഒരു ചിത്രത്തിന് വേണ്ടി ടീം തുടരും വീണ്ടും ഒന്നിക്കുകയാണ്. തരുൺ മൂർത്തി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് രജപുത്ര രഞ്ജിത്ത് ആണ്.
തുടരും വിജയാഘോഷത്തിനിടെയായിരുന്നു നിർമ്മാതാവ് രഞ്ജിത്ത് തങ്ങളുടെ പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. "തരുൺ മൂർത്തി അടുത്ത മോഹൻലാൽ പടം ചെയ്യുന്നു." എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ. തരുൺ മൂർത്തിയുടേതായി ടോർപിഡോ, ഓപ്പറേഷൻ ജാവ 2 എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിന് ശേഷമായിരിക്കും മോഹൻലാൽ ചിത്രം തുടങ്ങുക എന്നാണ് അറിയാൻ കഴിഞ്ഞത്.
വമ്പൻ പ്രൊജക്ടുകൾ
ഓപ്പറേഷൻ കംമ്പോഡിയ എന്നാണ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൻറെ പേര്. ആദ്യ ഭാഗത്തുണ്ടായിരുന്ന ലുക്‌മാൻ അവറാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്‌സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി, ദീപക് വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും. അതേസമയം തുടരും കോ ഡയറക്ടറും നടനുമായിരുന്ന ബിനു പപ്പുവിന്‍റെ രചനയിലാണ് ടോർപിഡോ ഒരുങ്ങുന്നത്. ഫഹദ് ഫാസില്‍ ആണ് നായകന്‍. നസ്‍ലെന്‍, അര്‍ജുന്‍ ദാസ്, ഗണപതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ബിനു പപ്പു രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സുഷിന്‍ ശ്യാം ആണ് സംഗീതം പകരുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം സുഷിൻ ശ്യാം മാജിക് വീണ്ടും എത്തുന്നു എന്നതും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റര്‍.



