2009 ല്‍ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്

എസ് എന്‍ സ്വാമിയെക്കുറിച്ച് പറയുമ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരുടെയും മനസിലേക്ക് ആദ്യമെത്തുക സിബിഐ സിരീസ് ആയിരിക്കും. എന്നാല്‍ അതല്ലാതെ മറ്റ് ഒട്ടേറെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളും അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്ന് പിറന്നിട്ടുണ്ട്. അതിലൊന്നായിരുന്നു കെ മധുവിന്‍റെ സംവിധാനത്തില്‍ 1987 ല്‍ പുറത്തെത്തിയ ഇരുപതാം നൂറ്റാണ്ട്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വന്നപ്പോള്‍ അതിന്‍റെ രചന നിര്‍വ്വഹിച്ചതും എസ് എന്‍ സ്വാമി ആയിരുന്നു. സാഗര്‍ എലിയാസ് ജാക്കി റീലോഡഡ് ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ ആ ചിത്രത്തെക്കുറിച്ച് പറയുകയാണ് എസ് എന്‍ സ്വാമി. ചെയ്യണമെന്ന് തനിക്ക് താല്‍പര്യമില്ലാതിരുന്ന രണ്ടാം ഭാഗമായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് എസ് എന്‍ സ്വാമി ഇക്കാര്യം പറയുന്നത്.

അമല്‍ നീരദിനൊപ്പമുള്ള പ്രവര്‍ത്തനാനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം പ്രതികരിക്കുന്നത്- "അമല്‍ നീരദിന്‍റെ സംവിധാനം, ഛായാ​ഗ്രഹണ കാര്യങ്ങളിലൊന്നും ഞാന്‍ ഇടപെടാറില്ല. കാരണം അവര്‍ അക്കാര്യത്തിലൊക്കെ വലിയ ​ഗ്രാഹ്യമുള്ളവരാണ്. പരിചയസമ്പന്നരാണ്. അവര്‍ക്ക് പറ്റിയ കഥ കൊടുക്കുക എന്നതല്ലാതെ ഡയറക്ഷന്‍ സൈഡിലൊന്നും ഒരു പ്രശ്നവും ഉണ്ടാവാറില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അമല്‍ എന്നോട് ചോദിക്കും. സാറേ, ഇങ്ങനെ മതിയോ, എന്തെങ്കിലും മാറ്റി ചെയ്യണോ എന്നൊക്കെ. അമല്‍ നീരദുമായി ഒരു തര്‍ക്കം ഒരിക്കലും ഉണ്ടായിട്ടില്ല", എസ് എന്‍ സ്വാമി പറയുന്നു.

"ഒരുപാട് പേര്‍ പറഞ്ഞു ഇരുപതാം നൂറ്റാണ്ടിന്‍റെ ഒരു ​ഗന്ധമില്ല പടത്തിനെന്ന്. ആ സിനിമ ഞാന്‍ വേണ്ടെന്ന് പറഞ്ഞതാണ്. ആന്‍റണിയുടെയും (ആന്‍റണി പെരുമ്പാവൂര്‍) അമലിന്‍റെയും നിര്‍ബന്ധമായിരുന്നു ആ കഥ. നായകന്‍ ജയിലില്‍ പോയ ആളാണ്. മന്ത്രിയുടെ മകനെ എല്ലാവരുടെയും മുന്നില്‍വച്ച് കൊന്നിട്ട് ജയിലില്‍ പോയ ആള് പിന്നെയും ഒരു കഥാപാത്രമായി വരിക എന്നൊക്കെ പറയുന്നതിന്‍റെ ലോജിക് എനിക്ക് ദഹിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു", എസ് എന്‍ സ്വാമി പറഞ്ഞവസാനിപ്പിക്കുന്നു. 

ALSO READ : 'അദ്ദേഹത്തോട് മുന്‍പും കഥകള്‍ പറഞ്ഞിട്ടുണ്ട്'; മോഹന്‍ലാലുമായി ഇതുവരെ സിനിമ നടക്കാതിരുന്നതിന് കാരണം പറഞ്ഞ് ലിജോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം