മലൈക്കോട്ടൈ വാലിബന്‍റെ കഥ പറഞ്ഞപ്പോള്‍ മോഹന്‍ലാലിന്‍റെ പ്രതികരണം എന്തായിരുന്നു എന്ന ചോദ്യത്തിന് ലിജോയുടെ മറുപടി ഇങ്ങനെ

ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്നതാണ് മലൈക്കോട്ടൈ വാലിബന് ലഭിച്ച വമ്പന്‍ പ്രീ റിലീസ് ഹൈപ്പിന് കാരണം. അതേസമയം ആദ്യദിനം ചിത്രത്തിന് നെഗറ്റീവ് പ്രതികരണങ്ങളാണ് കൂടുതല്‍ ലഭിച്ചത്. അതേസമയം തുടര്‍ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ്, പോസിറ്റീവ് ആയി മാറുകയും ചെയ്തു. ലിജോയും മോഹന്‍ലാലുമായി ഒരുമിക്കുന്നുവെന്ന് വാലിബന് വളരെ മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് അത് യാഥാര്‍ഥ്യമായത്. ഇപ്പോഴിതാ അത് എന്തുകൊണ്ട് എന്നതിന്‍റെ ഒരു കാരണം വ്യക്തമാക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലിജോ ഇക്കാര്യം പറയുന്നത്.

മലൈക്കോട്ടൈ വാലിബന്‍റെ കഥ പറഞ്ഞപ്പോള്‍ മോഹന്‍ലാലിന്‍റെ പ്രതികരണം എന്തായിരുന്നു എന്ന ചോദ്യത്തിന് ലിജോയുടെ മറുപടി ഇങ്ങനെ- "ഈ ഭൂമിയില്‍ ഏറ്റവും മോശമായി കഥ പറയുന്ന ആളായാണ് ഞാന്‍ സ്വയം വിലയിരുത്തുന്നത്. വാലിബന് മുമ്പും ചില കഥകള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് വേറിട്ട കഥകള്‍. അതൊന്നും നടക്കുന്ന സിനിമകളായി ആവില്ല അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവുക. കാരണം കൃത്യമായി രൂപപ്പെട്ട പ്ലോട്ടുകള്‍ ആയിരുന്നില്ല അവയൊന്നും. പക്ഷേ ഇത്തവണ, വാലിബന്‍റെ കാര്യത്തില്‍ അതിന്‍റെ ആശയവുമായും കഥാപാത്രമായും അദ്ദേഹം വേ​ഗത്തില്‍ കണക്റ്റ് ചെയ്തു. എനിക്ക് ഇത് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കരുതിക്കാണണം. അങ്ങനെയാണ് അത് തുടങ്ങിയത്", ലിജോ പറയുന്നു

"സമുറായ് സംസ്കാരം, അത്തരം നാടോടിക്കഥകള്‍, നമ്മുടെ പാരമ്പര്യത്തിലെ അത്തരം കഥാപാത്രങ്ങള്‍, കൗബോയ് സിനിമകളോടുള്ള നമ്മുടെ ഇഷ്ടം ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ സംസാരിച്ചു. ഈ ഘടകങ്ങളെല്ലാം ചേര്‍ന്ന, എന്നാല്‍ അനന്യമായ ഒന്നാണ് ഞങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇക്കാലത്ത് അത്തരമൊരു സിനിമാ അനുഭവം പൊതുവെ വരുന്നില്ലല്ലോ", വാലിബന്‍ ചെയ്യാനുണ്ടായ പ്രചോദനത്തെക്കുറിച്ച് ലിജോ പറയുന്നു.

ALSO READ : അടുത്ത ഓണവും നേടാന്‍ 'പെപ്പെ'; ഒരുങ്ങുന്നത് കരിയറിലെ ഏറ്റവും വലിയ ചിത്രം, 100 അടി വലിപ്പമുള്ള ബോട്ട് ഒരുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം