ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിതകഥയാണ് ഛപാക് പറയുന്നത്.


ദീപിക പദുക്കോണ്‍ നായികയായി അഭിനയിച്ച ഛപാക് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വലിയ സ്വീകാര്യതയാണ് ഛപാക്കിന് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഛപാക് എന്ന സിനിമയെ കുറിച്ചും അഭിനയിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും പറയുകയാണ് ദീപിക പദുക്കോണ്‍.

ഞങ്ങളുടെ ജീവിതത്തില്‍ ബാധിച്ച രണ്ട് കാര്യങ്ങളിലൂടെ കടന്നുപോയവരാണ് ലക്ഷ്‍മിയും ഞാനും. പക്ഷേ ഒരിക്കലും വിഷാദ രോഗവും ആസിഡ് ആക്രമണവും തുല്യമല്ല. പക്ഷേ രണ്ടും ജീവിതത്തില്‍ വലിയ ആഘാതങ്ങള്‍ വ്യത്യസ്‍ത രീതിയില്‍ ഉണ്ടാക്കുന്നവയാണ്. കരുത്തോടെ ഞങ്ങള്‍ അതില്‍ നിന്ന് പുറത്തുകടന്നു. അവ ബാധിച്ച ജനങ്ങള്‍ക്കായി ഞങ്ങള്‍ പോസറ്റീവ് ആയി പ്രവര്‍ത്തിക്കാൻ തുടങ്ങി. അതായിരിക്കും ഞങ്ങള്‍ തമ്മിലുള്ള സാമ്യം- ഒരു ചോദ്യത്തിനു ഉത്തരമായി ദീപിക പദുക്കോണ്‍ പറയുന്നു. ഒരു കഥാപാത്രത്തിനായി നമുക്ക് തയ്യാറെടുക്കാം. വായിക്കാം, തയ്യാറെടുപ്പുകള്‍ നടത്താം. സിനിമ ആരെക്കുറിച്ചാണോ അവരുമായി സംസാരിക്കാം. പക്ഷേ അഭിനയിക്കുമ്പോള്‍ ഉള്ള ഒരു മാറ്റം വ്യത്യസ്‍തമാണ്. നിങ്ങള്‍ക്ക് സാമ്യം കാണാനാകും. സാദൃശ്യം തോന്നും. പക്ഷേ എല്ലായ്‍പ്പോഴും ഇത് സംഭവിക്കില്ല. ഒരു വ്യക്തിയെന്ന നിലയില്‍ പറയേണ്ട കഥകള്‍ക്കായി നിങ്ങളുടെ ജോലിയിലൂടെ നിങ്ങള്‍ എത്തിയെന്നു തോന്നുന്നു. ഛപാക് എന്നിലേക്ക് എത്തിയപ്പോള്‍ സമ്മതം പറയാൻ എനിക്ക് ഒരു നിമിഷം പോലും വേണ്ടിവന്നില്ല. തിരക്കഥ വായിച്ചുതുടങ്ങിയപ്പോള്‍ തന്നെ സിനിമ ഞാൻ ചെയ്യേണ്ടതുതന്നെയാണ് എന്ന് എനിക്ക് ബോധ്യമായി- ദീപിക പദുക്കോണ്‍ പറഞ്ഞു. മേഘ്‍ന ഗുല്‍സാര്‍ ആണ് ഛപാക് സംവിധാനം ചെയ്‍തത്.