സിനിമകളുടെ കളക്ഷന്‍ കണക്കുകള്‍ താന്‍ എന്തുകൊണ്ട് വിശ്വസിക്കാറില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍

തെന്നിന്ത്യന്‍ സിനിമകള്‍ വിജയത്തിന്‍റെ പുതിയ ഉയരങ്ങള്‍ കണ്ടെത്തുമ്പോള്‍ ബോളിവുഡ് കുറച്ച് മോശം കാലത്തിലൂടെയായിരുന്നു കടന്നുപൊയ്ക്കൊണ്ടിരുന്നത്. അതില്‍ വലിയ വിമര്‍ശനവും ബോളിവുഡ് നേരിട്ടിരുന്നു. എന്നാല്‍ തിയറ്ററുകളിലേക്ക് ജനത്തെ വീണ്ടും എത്തിക്കുന്നതില്‍ ഹിന്ദി സിനിമ വിജയിച്ചിരിക്കുകയാണ് ഇപ്പോള്‍. ധുരന്ദര്‍ അടക്കമുള്ള വലിയ വിജയങ്ങള്‍ ബോളിവുഡ് വ്യവസായത്തിന് ആശ്വാസവും ആഹ്ലാദവും പകരുന്നുണ്ട്. ഇപ്പോഴിതാ സൗത്ത് വേഴ്സസ് നോര്‍ത്ത് എന്ന ചര്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയദര്‍ശന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ വലിയ വിജയങ്ങള്‍ ചൂണ്ടിക്കാട്ടി ബോളിവുഡ് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്‍റെ മറുപടി ഇങ്ങനെ.

പ്രിയദര്‍ശന്‍ പറയുന്നു

“എനിക്കത് ശരിക്കും മനസിലായിട്ടില്ല. എന്‍റെ പ്രാഥമികമായ പ്രശ്നം, സിനിമകളുടെ കളക്ഷന്‍ കാണുമ്പോള്‍ ഇത് എങ്ങനെ വന്നു എന്ന് ഞാന്‍ കണക്ക് കൂട്ടും എന്നതാണ്. ചിലപ്പോള്‍ രാജ്യത്തെ ജനസംഖ്യയേക്കാള്‍ വലുതായിരിക്കും കളക്ഷന്‍. അതിനാല്‍ എനിക്കിത് വിശ്വസിക്കാന്‍ സാധിക്കില്ല. സിനിമാ വ്യവസായത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ചിലത് കാണുമ്പോള്‍ ഞാന്‍ നിര്‍മ്മാതാക്കളോട് നേരിട്ട് അന്വേഷിച്ചിട്ടുമുണ്ട്. ഞങ്ങള്‍ക്ക് അത് ചെയ്തേ പറ്റൂ എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. ഇന്ന് എല്ലാ സിനിമയും 100 കോടി ക്ലബ്ബ് സിനിമയാണ്. ഇന്ന് അതില്‍ ആര്‍ക്കും താല്‍പര്യമില്ല. അവര്‍ക്ക് താല്‍പര്യം 500 കോടി, 1000 കോടി ക്ലബ്ബുകളില്‍ ആണ്”, വെറൈറ്റി ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

“പക്ഷേ ധുരന്ദര്‍ വരുന്നതിന് മുന്‍പ് ബോളിവുഡ് നേരിട്ടിരുന്ന ഒരു വിമര്‍ശനം തെന്നിന്ത്യന്‍ സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക് ആണെന്നായിരുന്നു. പുഷ്പ ആണെങ്കിലും കാന്താര ആണെങ്കിലും അവര്‍ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത് റിയലിസ്റ്റിക് ആയാണ്. കണ്ടിരിക്കുമ്പോള്‍ അത് സംഭവിച്ചേക്കാമെന്ന് നിങ്ങള്‍ക്ക് തോന്നും. അതുപോലെയാണ് ഹോളിവുഡ് സിനിമകള്‍ കാണുമ്പോഴും. മിഷന്‍ ഇംപോസിബിള്‍ കാണുമ്പോള്‍ അവരത് ചിത്രീകരിച്ച രീതി കൊണ്ട് നിങ്ങള്‍ക്ക് സംശയമൊന്നും തോന്നില്ല. അവിശ്വസനീയമായ കഥകള്‍ അവര്‍ വിശ്വസനീയമായി അവതരിപ്പിച്ചു. ഇവിടെ (ബോളവുഡ്) സംഭവിച്ചത് എന്താണെന്ന് വച്ചാല്‍ ബോളിവുഡിലെ ഭൂരിഭാഗം ചിത്രങ്ങളും വളരെ വളരെ വ്യാജമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനി നല്ല സിനിമയായിരുന്നു. അത് സത്യത്തില്‍ പഴയ തിയറി അനുസരിച്ചുള്ള സിനിമയാണ്. പക്ഷേ ഇന്നത്തെ ചെറുപ്പക്കാരും അത് ആസ്വദിക്കുന്നു. കാരണം സിനിമ വിശ്വസനീയമായി കാണപ്പെടുന്നു. പക്ഷേ വരുന്നതില്‍ 90 ശതമാനം സിനിമകളും ശരിയായിട്ടല്ലാതെ എടുക്കപ്പെട്ടവയാണ്”, പ്രിയദര്‍ശന്‍ തന്‍റെ കാഴ്ചപ്പാട് വ്യക്തമാക്കി. അക്ഷയ് കുമാറിനെ നായകനാക്കി താന്‍ പുതുതായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഭൂത് ബംഗ്ലയുടെ റിലീസിന് മുന്നോടിയായി കൊടുത്ത അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News