"തിരക്ക് പിടിച്ച റോഡിലൂടെ വാഹനം മുന്നോട്ടുന്നത് മാത്രമാണ് എന്റെ ഓര്‍മ്മയിലുള്ളത്. പിന്നെ എനിക്ക് ബോധമില്ല. ബോധം വരുന്നത് ഏകദേശം 24 മണിക്കൂര്‍ കഴിഞ്ഞിട്ടാണ്."

നെഞ്ചുവേദനയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആശങ്കയോടാണ് സിനിമാലോകവും പ്രേക്ഷകരും കേട്ടത്. വി എം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന സിനിമയുടെ ഡബ്ബിംഗിനിടെ ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജനുവരി 30ന് ആയിരുന്നു. ചിത്രം തീയേറ്ററുകളില്‍ എത്താനിരിക്കെ ആ അനുഭവത്തെക്കുറിച്ച് പറയുകയാണ് ശ്രീനിവാസന്‍. 24 മണിക്കൂര്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു താനെന്നും അതൊരു മരണം പോലെ തന്നെയായിരുന്നുവെന്നും ശ്രീനിവാസന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിയുടെ പ്രതികരണം.

"ഒരുദിവസം കുട്ടിമാമ എന്ന സിനിമയുടെ ഡബ്ബിംഗിനിടെ, ഡബ്ബിംഗ് തീയേറ്ററില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ശ്വാസംമുട്ടലുണ്ടായത്. ഹോസ്പിറ്റലില്‍ പോകണോ എന്ന് വി എം വിനു ചോദിച്ചെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. പക്ഷേ എന്റെ പ്രതിഷേധം വകവെക്കാതെ അദ്ദേഹമെന്നെ എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. തിരക്ക് പിടിച്ച റോഡിലൂടെ വാഹനം മുന്നോട്ടുന്നത് മാത്രമാണ് എന്റെ ഓര്‍മ്മയിലുള്ളത്. പിന്നെ എനിക്ക് ബോധമില്ല. ബോധം വരുന്നത് ഏകദേശം 24 മണിക്കൂര്‍ കഴിഞ്ഞിട്ടാണ്. അതിനിടയില്‍ വേണമെങ്കില്‍ മരിച്ചുപോകാമായിരുന്നു." തനിക്ക് ഭയമൊന്നും തോന്നിയില്ലെന്നും ഇത്രേയുള്ളല്ലോ മരണമെന്നുമാണ് തോന്നിയതെന്നും ശ്രീനിവാസന്‍. അത് മരണം തന്നെയായിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നു അദ്ദേഹം.

ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന കുട്ടിമാമ സംവിധാനം ചെയ്യുന്നത് വി എം വിനുവാണ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു വി എം വിനു ചിത്രം വരുന്നത്. ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന സിനിമയില്‍ മീര വാസുദേവും ദുര്‍ഗ കൃഷ്ണയുമാണ് നായികമാര്‍. മനാഫ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് വി എം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.