യുവാക്കളെ ആകര്‍ഷിച്ച ചിത്രം സൂപ്പര്‍ ഹിറ്റായതോടെ നെടുമുടി വേണുവിന് സിനിമയില്‍ ഒരു സ്ഥാനമുറപ്പിക്കാനായി. അതോടെ നെടുമുടിയും ബാബുവും തമ്മില്‍ വലിയ ബന്ധവും വളര്‍ന്നു. 

ചേര്‍ത്തല: അഭിനയ കൊടുമുടിയില്‍ നിന്നും നമ്മെ വിട്ടുപിരിഞ്ഞ നെടുമുടി വേണുവിനെ (Nedumudi Venu) അവസാനമൊന്നു കാണാന്‍ പറ്റാതെ വന്ന ദുഃഖത്തിലാണ് അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ സൃഷ്ടിയില്‍ വി വി ബാബു (VV Babu-തകര ബാബു). തന്റെ ആദ്യ സിനിമയായ തകരയില്‍ (Thakara) ചെല്ലപ്പനാശാരിയെ അന്വര്‍ത്ഥമാക്കിയ നെടുമുടി വേണുവുമായി 42 വര്‍ഷത്തെ ബന്ധമാണ് ബാബുവിനുള്ളത്. കയര്‍ വ്യവസായിയും കര്‍ഷകനുമായ വി വി ബാബു യാദൃശ്ചികമായിട്ടാണ് സിനിമയിലേയ്ക്ക് കാലൂന്നത്. ഭരതനൊന്നിച്ച് (Bharathan) സിനിമ ആലോചനയില്‍ തന്നെ തമ്പിലെയും ആരവത്തിലെയും നായകനായ നെടുമുടി വേണുവിനെ തകരയില്‍ നായകനാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം വേളി കടപ്പുറത്തായിരുന്നു ലോക്കേഷന്‍. 28 ദിവസം കൊണ്ട് നാലര ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തിയാക്കി 1979 സെപ്റ്റംബര്‍ 28 ന് സിനിമ റിലീസ് ചെയ്തു. 

വിവി ബാബു, സുരേഖ, നെടുമുടി വേണു

വീട്ടുകാരടക്കം പലരും സിനിമ ബാബുവിനെ നിരാശപെടുത്തിയെങ്കിലും രണ്ടും കല്‍പ്പിച്ച് റിലീസ് ചെയ്തു. പുതുമുഖ നടി സുരേഖയും പ്രതാപ് പോത്തനുമായിരുന്നു നായികാനായകന്‍മാര്‍. യുവാക്കളെ ആകര്‍ഷിച്ച ചിത്രം സൂപ്പര്‍ ഹിറ്റായതോടെ നെടുമുടി വേണുവിന് സിനിമയില്‍ ഒരു സ്ഥാനമുറപ്പിക്കാനായി. അതോടെ നെടുമുടിയും ബാബുവും തമ്മില്‍ വലിയ ബന്ധവും വളര്‍ന്നു. 2019ല്‍ തകര സിനിമയുടെ 40-ാം വര്‍ഷം ബാബുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടായ താമരയില്‍ ആഘോഷിച്ചിരുന്നപ്പോള്‍ നെടുമുടി വേണു അടക്കം എല്ലാവരും ഒത്തുകൂടി. അഞ്ച് വര്‍ഷം മുമ്പ് അസുഖ ബാധിതനായതോടെ സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്നെങ്കിലും ഫോണ്‍ വിളിയിലൂടെ സൗഹൃദം തുടര്‍ന്നിരുന്നു. 

നെടുമുടി വേണുവിനെ ശനിയാഴ്ച തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവിവരം ബാബുവിനോട് പറഞ്ഞിരുന്നു. ഞായറാഴ്ച ബാബു നെടുമുടി വേണുവിനെ കാണാന്‍ പോകാന്‍ ഉറപ്പിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് മരണ വിവരം അറിയുന്നത്. എന്നും കളിയും ചിരിയും പാട്ടുകളുമായി നടന്നിരുന്ന തന്റെ ആത്മസുഹൃത്തിന്റെ ചേതനയറ്റ മുഖമെങ്കിലും ഇന്ന് കാണണമെന്ന ദൃഢനിശ്ചയത്തിലാണ് വിവി ബാബു.