'സിദ്ദിഖിന്‍റെ രാജി ആവശ്യപ്പെട്ട് ഞാൻ മോഹൻലാലിന് മെയിൽ ചെയ്തിരുന്നു': അനൂപ് ചന്ദ്രൻ
ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ട് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അമ്മ എന്ന സംഘനയ്ക്ക് അപമാനമാണെന്ന് താൻ ഇന്ന് രാവിലെ അമ്മ പ്രസിഡന്‍റ് മോഹൻലാലിന് മെയിൽ ചെയ്തിരുന്നുവെന്ന് അനൂപ് ചന്ദ്രൻ.
തിരുവനന്തപുരം: അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജി വെച്ചത് സ്വാഗതം ചെയ്ത് നടൻ അനൂപ് ചന്ദ്രൻ. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ട് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അമ്മ എന്ന സംഘനയ്ക്ക് അപമാനമാണെന്ന് താൻ ഇന്ന് രാവിലെ അമ്മ പ്രസിഡന്‍റ് മോഹൻലാലിന് മെയിൽ ചെയ്തിരുന്നുവെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. അദ്ദേഹം സ്വമേധയാ രാജിവെക്കുകയോ എക്സിക്യുട്ടീവ് കമ്മിറ്റി അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് താൻ ആവശ്യപ്പെട്ടത്. പിന്നാലെയാണ് സിദ്ദിഖിന്‍റെ രാജി വാർത്ത അറിയുന്നതെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു.
ഒരു പെണ്‍കുട്ടി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞിരിക്കുകയാണ്. ആരോപണം വന്നാൽ മാറിനിൽക്കുക എന്നതാണ് മലയാളികളുടെ സംസ്കാരം. അഗ്നിശുദ്ധി വരുത്തിയാൽ തിരിച്ചുവരാം. ഇത്തരം സംഭവങ്ങള്‍ സിനിമാ സെറ്റിൽ നടക്കുന്നത് അറിയാറില്ലെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. അഭിനയിക്കുക, തിരിച്ചു വരിക എന്നതാണ് ചെയ്യാറുള്ളത്. നമ്മളറിയാത്ത പല വേദനിപ്പിക്കുന്ന അനുഭവങ്ങളും പെണ്‍കുട്ടികൾ അമ്മ എന്ന സംഘടനയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നും പരിഹാരമാകാതെയാണ് അവർ സർക്കാരിന് മുന്നിലെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെയുള്ള അഗ്നിശുദ്ധിയാണ് ഇപ്പോൾ നടക്കുന്നത്. മുന്നോട്ടുപോവാനുള്ള വെളിച്ചമായാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ താൻ കാണുന്നതെന്ന് അനൂപ് ചന്ദ്രൻ വിശദീകരിച്ചു.
യുവ നടി രേവതി സമ്പത്ത് കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. നടിയുടെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവ നടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നാണ് വിവരം.
വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്ന് നടി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് സിദ്ദിഖ് ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് നടി വിവരിച്ചു- "അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. എനിക്ക് മാത്രമല്ല എന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രാധാന്യം നൽകണം".
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു