നാടക പശ്ചാത്തലത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയ ആളാണ് ഹരീഷ് പേരടി. കൊവിഡ് സാഹചര്യത്തില്‍ നാടക കലാകാരന്മാര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്‍തിരുന്നു
തന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത താരങ്ങളില്‍ ഒരാളാണ് ഹരീഷ് പേരടി. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഹരീഷ് പലപ്പോഴും ഇടതുപക്ഷ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിനുള്ള പിന്തുണ താന്‍ പിന്‍വലിക്കുകയാണെന്ന് പറയുന്നു ഹരീഷ് പേരടി ഇപ്പോള്‍. നാടക കലാകാരന്മാരോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയാണ് അതിനു കാരണമെന്നും.
"സിനിമയ്ക്ക് സെക്കൻഡ് ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല. Iffk നടന്നു. Itfok നടന്നില്ല. രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല. ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണയ്ക്കണം? ലാൽസലാം..", ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
നാടക പശ്ചാത്തലത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയ ആളാണ് ഹരീഷ് പേരടി. കൊവിഡ് സാഹചര്യത്തില്‍ നാടക കലാകാരന്മാര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്‍തിരുന്നു. തൃശൂരില്‍ വര്‍ഷം തോറും നടന്നുവന്നിരുന്ന അന്തര്‍ദേശീയ നാടകോത്സവം കൊവിഡ് സാഹചര്യത്തില്‍ മുടങ്ങിയിരുന്നു. അതേസമയം കേരളത്തിന്‍റെ അന്തര്‍ദേശീയ ചലച്ചിത്രോത്സവം (ഐഎഫ്എഫ്കെ) കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് ഈയിടെ നടത്തിയിരുന്നു. സാധാരണ തിരുവനന്തപുരം മാത്രമാണ് ഐഎഫ്എഫ്കെക്ക് വേദിയാവാറെങ്കില്‍ ഇത്തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലായിട്ടായിരുന്നു മേള. 20 ദിവസങ്ങളിലായി നടന്ന ചലച്ചിത്രോത്സവത്തിന് അഞ്ചാം തീയതിയാണ് സമാപനമായത്.
