തിരുവനന്തപുരം: പ്രമുഖ ഡോക്യുമെന്‍ററി സംവിധായകൻ ആനന്ദ് പട്‌വർധന്റെ വിവേക് (റീസൺ) എന്ന ഡോക്യുമെന്‍ററിക്ക് കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പ്രദർശനാനുമതിയില്ല. ഡോക്യുമെന്‍ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവാത്തതിനാൽ പ്രദർശനാനുമതിയും കിട്ടിയില്ല. സംഘപരിവാറിനെ വിമർശിക്കുന്ന ചിത്രമാണ് വിവേക്.

അതേസമയം, ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് തവണ അപേക്ഷിച്ചിട്ടും വാർത്താവിനിമയ മന്ത്രാലയത്തിൽനിന്ന് മറുപടി ലഭിച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് ചിത്രം പ്രദർശിപ്പിക്കേണ്ടിയിരുന്നത്. ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രദർശനം മാറ്റി വെച്ചതായും കമൽ പറഞ്ഞു.

ഒന്നാം മോദി സർക്കാരിന്‍റെ കാലത്ത്, സിപിഐ നേതാവായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോൽക്കർ, മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകൾ കൊലപ്പെടുത്തിയതിനെതിരെയായിരുന്നു 'വിവേക്' എന്ന ഡോക്യുമെന്‍ററി. ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പക്ഷേ, കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് സെന്‍സര്‍ ഇളവ് തേടിയാല്‍ മാത്രമേ പ്രദര്‍ശനം സാധ്യമാകുകയുള്ളു.

ഇത് രണ്ടാം തവണയാണ് ഐഡിഎഫ്എഫ്കെയിൽ ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതിയെച്ചൊല്ലി വിവാദമുയരുന്നതും കോടതി കയറുന്നതും. 2017-ല്‍ പി എം രാമചന്ദ്ര സംവിധാനം ചെയ്ത ദി അൺബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ് (The Unbearable Being of Lightness), എൻ സി ഫാസിൽ, ഷോൺ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ (In the Shade of Fallen Chinar), കാത്തു ലൂക്കോസിന്റെ മാർച്ച് മാർച്ച് മാർച്ച് എന്നീ ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര അക്കാദമി കേരള ഹൈക്കോടതിയെ സമീപിക്കുകയും ക്ലിയറന്‍സ് നേടിയെടുക്കുകയും ചെയ്തതോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്.