കൊല്‍ക്കത്ത: വിഖ്യാത ബം​ഗാളി നടൻ സൗമിത്ര ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്​ചയാണ്​ 85കാരനായ ചാറ്റർജിക്ക്​ കൊവിഡ്​ സ്ഥിരീകരിച്ചത്​. അദ്ദേഹത്തെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചാറ്റർജിയു​ടെ ആരോഗ്യനിലയെ കുറിച്ച്​ വിളിച്ച്​ അന്വേഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ​.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്ന സൗമിത്ര ചാറ്റര്‍ജിയെ ഇന്നലെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്ന് ഫലം ലഭിച്ചപ്പോള്‍ പോസിറ്റീവ് ആയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ചാറ്റർജിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. 
 
വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ പ്രധാന നടന്‍മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി. സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. റേയുടെ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച സൗമിത്ര ബംഗാളിലെ മറ്റ് പ്രമുഖ സംവിധായകരായ മൃണാൾ സെൻ, തപൻ സിൻഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിട്ടുണ്ട്. സൗമിത്ര ചാറ്റര്‍ജിയെ  പത്മഭൂഷൻ പുരസ്‍കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്‍ക്ക് സൗമിത്ര ചാറ്റര്‍ജിക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരവും ലഭിച്ചിട്ടുണ്ട്.