'മിന്നൽ മുരളി'ക്ക് വലിയ ആഗോള സ്വീകാര്യത ലഭിക്കാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസ് ആണെന്ന് സംവിധായകൻ ബേസിൽ ജോസഫ്. തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ ചിത്രം മലയാളത്തിൽ ഒതുങ്ങിപ്പോയേനെയെന്നും ബേസിൽ പറയുന്നു. ‘If Minnal Murali had been released in theaters it would have been limited to Malayalam’; Basil Joseph openly admits 

ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽ മുരളി'. 2021 ൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഒരു താരമെന്ന നിലയിൽ ടൊവിനോയുടെ വളർച്ചയിൽ വലിയ ഗുണം ചെയ്ത ചിത്രം കൂടിയാണ് മിന്നൽ മുരളി. കോവിഡ് പാൻഡെമിക് മൂലം തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസ് ആണെന്ന് പറയുകയാണ് സംവിധായകൻ ബേസിൽ ജോസഫ്.

ആറോളം രാജ്യങ്ങളിൽ മിന്നൽ മുരളി ടോപ് ട്രെൻഡിങ്ങിൽ ആയിരുന്നെന്നും നെറ്റ്ഫ്‌ളിക്‌സ് പോലൊരു വലിയ പ്ലാറ്റ്‌ഫോം ആ സിനിമ ഏറ്റെടുത്തതോടെ വലിയൊരു റീച്ച് കിട്ടിഎന്നും തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ മലയാളത്തിൽ മാത്രം സിനിമ ഒതുങ്ങിപ്പോവുമായിരുന്നെന്നും ബേസിൽ പറയുന്നു.

"തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി ഡിസൈന്‍ ചെയ്ത പടമായിരുന്നു അത്. എങ്ങനെയെങ്കിലും തിയേറ്ററില്‍ ഇറക്കണമെന്ന് ചിന്തിച്ചു. ഇപ്പോഴും പലരും ഞങ്ങളോട് അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഈ സിനിമ തിയേറ്ററില്‍ കാണാന്‍ പറ്റിയില്ലായിരുന്നു എന്നൊക്കെ പറയാറുണ്ട്. പക്ഷേ, ഒടിടിയില്‍ ഇറക്കിയതുകൊണ്ട് വേറൊരു ഗുണമുണ്ടായി, നെറ്റ്ഫ്‌ളിക്‌സ് പോലൊരു വലിയ പ്ലാറ്റ്‌ഫോം ആ സിനിമ ഏറ്റെടുത്തതോടെ വലിയൊരു റീച്ച് കിട്ടി. അവരുടെ പ്രൊമോഷനും ബാക്കി കാര്യങ്ങളുമെല്ലാം എല്ലായിടത്തും എത്തി. ആറോളം രാജ്യങ്ങളില്‍ ആ സിനിമയായിരുന്നു കുറേ നാള്‍ ടോപ് ട്രെന്‍ഡിങ്ങില്‍. സൂപ്പര്‍ഹീറോ സിനിമകള്‍ക്കുള്ള സ്വീകാര്യത കാരണമാണ് അതിന് പിന്നില്‍. ഒരുപക്ഷേ തിയേറ്ററില്‍ റിലീസായിരുന്നെങ്കില്‍ മലയാളത്തില്‍ മാത്രം ഒതുങ്ങിപ്പോയേനെ. ഇപ്പോള്‍ കാണുന്ന തരത്തില്‍ ഒരു റീച്ച് അതിന് കിട്ടില്ലായിരുന്നു." ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു ബസിലിന്റെ പ്രതികരണം.

അതേസമയം മിന്നൽ മുരളി ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അതിരടി. ബേസിൽ നായകനായി എത്തുന്ന ചിത്രത്തിൽ വില്ലനായി ടൊവിനോ തോമസാണ് എത്തുന്നത്. മിന്നൽ മുരളിയുടെ സഹ രചയിതാവായിരുന്ന അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.