മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3, മെയ് 21-ന് മോഹൻലാലിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്യും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആശയമായിരുന്നു പിറന്നാൾ റിലീസ് എന്ന് മോഹൻലാൽ പറഞ്ഞു. Mohanlal about Drishyam 3 release
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3. മെയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഇന്ന് വൈകുന്നേരം പുറത്തറിങ്ങുന്ന ചിത്രത്തിൻറെ ട്രെയിലറിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ എല്ലാ ജന്മദിനത്തിലും ഇതുപോലെ സിനിമ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. പിറന്നാളിന് സിനിമ ഇറക്കുക എന്നത് ആന്റണി പെരുമ്പാവൂരിന്റെ അഭിപ്രായമായിരുന്നുവെന്നും പിറന്നാൾ ദിവസം തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ദൃശ്യം പ്രസ്സ് മീറ്റിനിടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
"ഈ സിനിമ നമ്മൾ നേരത്തെ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തതായിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് നമുക്ക് റിലീസ് മാറ്റേണ്ടതായി വന്നു. സാധാരണ സിനിമകൾ റിലീസ് ചെയ്യുന്നത് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആണ്. മെയ് 21 ഒരു വ്യാഴാഴ്ചയാണ്. അതൊരു ഭാഗ്യമായിട്ട് കരുതുന്നു. പിന്നെ ഇങ്ങനെ ഒരിക്കലേ ചാൻസ് കിട്ടുകയുള്ളൂ. അത്രയും ആൾക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ. ആ സിനിമ നമ്മുടെ പിറന്നാളിന് കൊടുക്കുക എന്ന് പറയുന്നത് എന്നേക്കാൾ കൂടുതൽ ആന്റണിയുടെ അഭിപ്രായമായിരുന്നു. അതൊരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇനി എല്ലാ പിറന്നാളിനും ഓരോ സിനിമ ഇറക്കാൻ പറ്റില്ല." മോഹൻലാൽ പറയുന്നു.
"അത് മാത്രമല്ല, ആ ദിവസങ്ങൾ കൂടി വരണം. നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ജോർജ് കുട്ടിയും ദൃശ്യവും. അപ്പോൾ ആ ദിവസം വന്നത് വളരെ പോസിറ്റീവായി ഞങ്ങൾ കാണുന്നു. അതൊരു പിറന്നാൾ സമ്മാനമായി ആൾക്കാർക്ക് കൊടുക്കാനുള്ള ഒരു ധൈര്യം ഞങ്ങൾക്കുണ്ടായി. ഒരു മോശം സിനിമയൊന്നും ആയിരിക്കില്ല. ഇതിലൊന്നും കള്ളത്തരങ്ങൾ ഒന്നുമില്ല. ജോർജ് കുട്ടിക്കും കുടുംബത്തിനും സംഭവിച്ചത് എന്താണെന്ന് എല്ലാവർക്കുമറിയാം. അതിൽ നിന്ന് അയാൾ എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് എല്ലാവർക്കും അറിയേണ്ടത്. എന്റെ പിറന്നാൾ ദിവസം തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ട്." മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ദൃശ്യം 3 യിലുള്ള ആത്മവിശ്വാസം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആദ്യ ദിനം തന്നെ പോസിറ്റിവ് അഭിപ്രായങ്ങൾ ലഭിച്ചാൽ ബോക്സോഫീസിലും ചിത്രം ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.


