Asianet News MalayalamAsianet News Malayalam

നീറ്റ് - ജെഇഇ പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് യാത്രാ സൌകര്യം വാഗ്ദാനം ചെയ്ത് സോനു സൂദ്

പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ ഞാന്‍ നിങ്ങളെ സഹായിക്കും. സാഹചര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആരും പരീക്ഷാ എഴുതാതിരിക്കരുത് എന്നാണ് സോനു സൂദ് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. നേരത്തെ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യത്തെ സോനു സൂദ് പിന്തുണച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷാ തീരുമാനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെയാണ് പുതിയ അറിയിപ്പ് 

if not postponed JEE NEET exam will arrange travel facility for students in need says sonu sood
Author
Mumbai, First Published Aug 28, 2020, 5:01 PM IST

നീറ്റ് - ജെഇഇ പരീക്ഷകളിൽ നിന്ന് പിന്നോട്ടുപോകാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ജെഇഇ പരീക്ഷയുടെ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പരീക്ഷാര്‍ത്ഥികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് നടന്‍ സോനു സൂദ്. പരീക്ഷ നീട്ടി വയ്ക്കാതിരിക്കുന്ന സാഹചര്യമാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടത് എങ്ങോട്ടാണെന്ന് അറിയിക്കുക. 

പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ ഞാന്‍ നിങ്ങളെ സഹായിക്കും. സാഹചര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആരും പരീക്ഷാ എഴുതാതിരിക്കരുത് എന്നാണ് സോനു സൂദ് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. നേരത്തെ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യത്തെ സോനു സൂദ് പിന്തുണച്ചിരുന്നു . പരീക്ഷയെഴുതാന്‍ പോകുന്ന 26 ലക്ഷം വിദ്യാര്‍ഥികളെ നമ്മള്‍ ഈ ഘട്ടത്തില്‍ പിന്തുണച്ചേ മതിയാകൂ എന്ന് സോനു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. 

"ഞാന്‍ ഈ വിദ്യാര്‍ഥികളോടൊപ്പമാണ്. പരീക്ഷയെഴുതാന്‍ പോകുന്ന 26 ലക്ഷം വിദ്യാര്‍ഥികളെ നമ്മള്‍ ഈ ഘട്ടത്തില്‍ പിന്തുണച്ചേ മതിയാകൂ. ബീഹാറിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും പ്രളയ ബാധിതമേഖലകളിലുള്ളവരാണ്. അവരെങ്ങനെയാണ് യാത്ര ചെയ്യുക? പണമോ താമസിക്കാന്‍ സ്ഥലമോ ഇല്ലാത്തവരാണ് ഇവരില്‍ ഭൂരിഭാ​ഗം പേരും. അത്തരം വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ല", എന്നാണ് സോനു സൂദ് നേരത്തെ പറഞ്ഞത്. പരീക്ഷാര്‍ത്ഥികളുടേയും പ്രതിപക്ഷത്തിന്‍റേയും ആശങ്ക പരിഗണിക്കാതെ പരീക്ഷാ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതിനിടയിലാണ് സോനു സൂദിന്‍റെ പുതിയ ട്വീറ്റ്. 

കൊവിഡ്, പ്രളയ പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകള്‍ നടത്തുന്നത് ഉചിതമല്ലെന്നും മാറ്റിവെക്കണമെന്നുമായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ, പരീക്ഷ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരുള്ളത്. കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആകെ 660 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. ഇവിടേക്ക് വേണ്ട പത്ത് ലക്ഷം മാസ്കുകൾ, ഇരുപത് ലക്ഷം കൈയുറകൾ, 1300 തെർമൽ സ്കാനറുകൾ, 6600 ലിറ്റർ സാനിറ്റൈസർ ഉൾപ്പടെ സജ്ജമാക്കിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. സെപ്റ്റംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ. 

Follow Us:
Download App:
  • android
  • ios