കൊച്ചി: ഉള്ളില്‍ പ്രണയമുളളതു കൊണ്ടാണ് പ്രണയരംഗങ്ങള്‍ മനോഹരമാകുന്നതെന്ന് വ്യക്തമാക്കി യുവനടന്‍ ഷെയ്ന്‍ നിഗം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍റെ തുറന്നുപറച്ചില്‍. ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കിലേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ് എന്നാണ് ഷെയ്ന്‍ പറഞ്ഞത്. എന്നാല്‍ ആരോടാണ് പ്രണയം എന്നത് ഷെയ്ന്‍ വെളിപ്പെടുത്തിയില്ല. 

കിസ്മത്തിലെ ഇര്‍ഫാനാണ് ഇഷ്ട കഥാപാത്രം. ആദ്യത്തെ കഥാപാത്രമായതിനാലാവണം, ഇർഫാൻ ഹൃദയത്തോട് ചേർന്നാണ് നിൽക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ബോബി ആണ് രണ്ടാമത്തെ പ്രിയപ്പെട്ട കഥാപാത്രം. ബോബി ഒരു 'പൊളി' മനുഷ്യനാണ്. മൂന്നാമത്തേത് കെയർ ഓഫ് സൈറാബാനുവിലെ ജോഷ്വ ആണ്. ഇർഫാന്‍റെ മൂന്നിലൊരു ഭാഗവും ബോബിയും ജോഷ്വയും കൂടിച്ചേര്‍ന്നാൽ ഷെയ്ന്‍ നിഗമായെന്നും താരം പറഞ്ഞു. 

Image may contain: 1 person, smiling, sitting and beard

വാപ്പച്ചിയുടെ റിഹേഴ്സൽ ക്യാംപുകള്‍ കണ്ടാണ് ഞാൻ വളർന്നത്. ചെറുപ്രായത്തിൽ തന്നെ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതൊരിക്കലും ബോറടിപ്പിച്ചില്ല. ഒരുപാട് സന്തോഷം തന്നു. സുഹൃത്തുക്കളെ വെച്ച് സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ സിനിമകൾ സംവിധാനം ചെയ്തിരുന്നു. വാപ്പച്ചിയുടെ ആമിനത്താത്തയുടെ വലിയ ആരാധകനാണ് താനെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.

മണിക്കൂറുകളെടുത്ത് സ്ക്രിപ്റ്റ് വായിച്ച് നോക്കിയ ശേഷമാണ് കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സെലക്ടീവ് ആണെന്നും ഷെയ്‍ന്‍ പറഞ്ഞു. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തലച്ചോറ് ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഹൃദയമാണ്. ഇഷ്കിലെ രണ്ടാം പകുതികൊണ്ടാണ് ആ സിനിമ തെരഞ്ഞെടുത്തത്. അപ്രതീക്ഷിതമായുള്ള സച്ചിയുടെ പെരുമാറ്റം ഒരുപാട് ത്രില്ലടിച്ചാണ് ചെയ്തതെന്നും ഷെയ്ന്‍ പറഞ്ഞു.  

നവാഗതനായ ജീവന്‍ ജിയോ സംവിധാനം ചെയ്യുന്ന ഉല്ലാസമാണ് ഷെയിന്‍റെ പുതിയ ചിത്രം. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൈതമറ്റം ബ്രദേഴ്‌സിന്‍റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.