തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് തുടങ്ങും. വർണ്ണവെറിയുടെ ലോകത്തെ മാതൃസ്നേഹത്തിന്റെ കഥയുമായി ദക്ഷിണാഫ്രിക്കയിൽ നിന്നുളള ഫിലാസ് ചൈല്‍ഡ് മത്സരവിഭാഗത്തിലെ ആദ്യചിത്രം. സിനിമാറീലിലെ യുവതിയുമായി പ്രണയത്തിലാകുന്ന സിനിമാ ഓപ്പറേറ്ററുടെ ജീവിതം പ്രമേയമാക്കിഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നും ദ പ്രൊജക്ഷനിസ്റ്റ്, ബാലെ നൃത്തത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന സ്ത്രീയെ കുറിച്ച് പറയുന്ന ബ്രസീലിയൻ ചിത്രം പാകെരറ്റ് , ഒരു കടത്തുകാരന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന അനാഥപ്പെൺകുട്ടിയുടെ കഥയുമായി ജാപ്പനീസ് ചിത്രം ദേ സേ നത്തിംങ് സ്‌റ്റേയ്‌സ് ദി സെയിം ഇവയാണ് ആദ്യദിവസം പ്രദർശിപ്പിക്കുന്ന മത്സരവിഭാഗം ചിത്രങ്ങൾ. 

ഫുട്ബോൾ മാന്ത്രികൻ മറഡോണയുടെ ജീവിതം പ്രമേയമാക്കിയ ഡോക്യുമെന്ററിയാണ് ഇന്ന് മേളയിലെ മറ്റൊരു ആകർഷണം. ലോകസിനിമ വിഭാഗത്തിൽ 43 ചിത്രങ്ങളും ഇന്ന് പ്രദ‌ർശിപ്പിക്കും. മറഡോണയുടെ കഥ പറയുന്ന 'ഡീഗോ മറഡോണ' രാത്രി നിശാഗന്ധിയിൽ സ്പെഷ്യൽ സ്ക്രീനിംഗ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. ബ്രിട്ടീഷ് സംവിധായകന്‍ ആസിഫ് കപാഡിയയാണ് ഈ ഡോക്യൂമെന്ററി ഒരുക്കിയത്. ജൂറി ചെയർമാൻ ഖൈരി ബെഷാറ, ഓസ്കർ ജേതാവ് റസൂൽപൂക്കൂട്ടി എന്നിവരുമായുളള സംവാദമാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത.