Asianet News MalayalamAsianet News Malayalam

സ്ഥിരം വേദി മാറ്റിയാൽ IFFK-യുടെ അംഗീകാരം പോകുമോ എന്ന് ഡോ. ബിജു, ഇല്ലെന്ന് അക്കാദമി

ഫിയാഫ് എന്ന (FIAPF - International Federation Of Fil Producers Association) ആണ് ചലച്ചിത്രമേളകൾക്ക് അംഗീകാരം നൽകുന്നത്. സ്ഥിരം വേദി മാറ്റിയാൽ ആ അംഗീകാരം പോകുമോ എന്നാണ് ഡോക്ടർ ബിജു ചോദിക്കുന്നത്. 

iffk controversy dr biju fb post and response by chalachitra academy
Author
Thiruvananthapuram, First Published Jan 3, 2021, 7:44 AM IST

തിരുവനന്തപുരം: മേഖല തിരിച്ച് കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. സ്ഥിരം വേദി മാറ്റുന്നത് മേളയുടെ അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കാമെന്ന് സംവിധായകൻ ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. മേള സ്ഥിരമായി തിരുവനന്തപുരത്ത് നടത്തുന്നതിൽ നിന്ന് മാറ്റാനുള്ള നീക്കമാണോ ഇതെന്ന് സംശയമുണ്ടെന്നും ഡോ. ബിജു പറയുന്നു. 

ഫിയാഫ് എന്ന (FIAPF - International Federation Of Fil Producers Association) ആണ് ചലച്ചിത്രമേളകൾക്ക് അംഗീകാരം നൽകുന്നത്. സ്ഥിരം വേദി മാറ്റിയാൽ ആ അംഗീകാരം പോകുമോ എന്നാണ് ഡോക്ടർ ബിജു ചോദിക്കുന്നത്. 

എന്നാൽ ഇത്തരത്തിലുള്ള ആശങ്കകൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് കേരള ചലച്ചിത്ര അക്കാദമി വ്യക്തമാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മേള പല മേഖലകളിലായി സുരക്ഷിതത്വത്തോടെ നടത്തുകയാണെന്ന് ഫിയാഫിനെ നേരത്തേ തന്നെ അറിയിച്ചിട്ടുണ്ടെന്നും അക്കാദമി വ്യക്തമാക്കുന്നു. സാധാരണ ഡിസംബറിൽ നടത്താറുള്ള മേള ഫെബ്രുവരിയിൽ നടത്തുന്നതും ഫിയാഫിനെ അറിയിച്ചതാണെന്ന് അക്കാദമി അറിയിച്ചു.

ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരള ചലച്ചിത്ര മേള ഇത്തവണ നാല് സ്ഥലങ്ങളിലായി നടത്തുന്നതുമായി ബന്ധപ്പെട്ടു വിവിധ പ്രതികരണങ്ങളും വിവാദങ്ങളും ഉണ്ടായിരിക്കുക ആണല്ലോ . ഈ വിഷയത്തിൽ ഒന്നും എഴുതേണ്ടതില്ല എന്ന് വിചാരിച്ചിരുന്നതാണ് . പക്ഷെ നിരവധി മാധ്യമങ്ങളും സുഹൃത്തുക്കളും ഈ വിഷയത്തിലുള്ള ചില സാങ്കേതിക സംശയങ്ങൾ ചോദിച്ചത് കൊണ്ട് പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കാം .

ആദ്യമേ പറയട്ടെ കലാ മൂല്യ സിനിമകൾ തിരുവനന്തപുരത്തും, കൊച്ചിയിലും , തലശ്ശേരിയിലും, പാലക്കാട്ടും മാത്രമല്ല കഴിയുന്നതും ഓരോ പഞ്ചായത്തു തോറും പ്രദർശിപ്പിക്കണം എന്ന അഭിപ്രായം ഉള്ള ആളാണ് ഞാൻ . ലൈബ്രറി പ്രസ്ഥാനങ്ങളും സ്ഥലത്തെ ഫിലിം സൊസൈറ്റിയുമായി ചേർന്ന് പ്രാദേശിക ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് പദ്ധതി വിഹിതത്തിൽ തുക വകയിരുത്താൻ ബജറ്റ് അനുവദിക്കണം എന്ന നിർദേശം കഴിഞ്ഞ ദിവസം ബഹു മുഖ്യമന്ത്രിയുടെ പത്തനംതിട്ടയിലെ മീറ്റിങ്ങിൽ വെച്ച് നൽകുകയും ചെയ്തതാണ് . (2016 ൽ എൽ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കാൻ നടത്തിയ കേരള പഠന കോൺഗ്രസ്സിലും ഈ നിർദേശം നൽകിയിരുന്നു..പക്ഷെ...)

ഏതായാലും മികച്ച ഒരു ചലച്ചിത്ര കാഴ്ച സംസ്കാരം സൃഷ്ടിക്കുന്നതിനായി സാധ്യമായ എല്ലാ പ്രദേശങ്ങളിലും ചലച്ചിത്ര മേളകൾ സംഘടിപ്പിക്കണം എന്നതാണ് എന്റെ അഭിപ്രായം .

ഇനി കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് വരാം . ഇത്തവണ നാല് സ്ഥലങ്ങളിൽ ആയാണ് ഐ എഫ് എഫ് കെ എന്ന കേരളത്തിന്റെ അന്താരാഷ്‌ട്ര ചലച്ചിത്ര മേള നടക്കുന്നത് എന്നാണ് അറിയുന്നത് . ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും . ഈ നീക്കത്തിന് സാങ്കേതികമായി ഒരു പ്രശ്നമുണ്ട് . അത് ചലച്ചിത്ര അക്കാദമി പരിഗണിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തിട്ടുണ്ടാകും എന്നാണ് വിശ്വസിക്കുന്നത് . ഇല്ലെങ്കിൽ അത് തീർച്ചയായും വലിയ ഒരു കുഴപ്പം ആണ് .

ലോകത്തെ ചലച്ചിത്ര മേളകളുടെ അംഗീകാരം നൽകുന്നത് FIAPF (International Federation of Film Producers Association ) ആണ് .FIAPF ന്റെ അംഗീകാരം ഉള്ള competitive specialised Feature Film Festivals എന്ന വിഭാഗത്തിലെ 22 ചലച്ചിത്ര മേളകളിൽ ഒന്നാണ് കേരള ചലച്ചിത്ര മേള . FIAPF അംഗീകാരമുള്ള മേളകളുടെ സ്ഥിരം വേദി മാറ്റണമെങ്കിൽ FIAPF ന്റെ അനുമതി ഉണ്ടാകണം . അല്ലെങ്കിൽ മേളയുടെ അക്രിഡിറ്റേഷൻ നഷ്ടമാകും . ചലച്ചിത്ര മേളയ്ക്ക് ഒരു സ്ഥിരം വേദി ഉണ്ടായിരിക്കണം എന്നത് FIAPF ന്റെ പ്രധാനപ്പെട്ട നിബന്ധനകളിൽ ഒന്നാണ് . അതുകൊണ്ടാണ് കേരള മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം ആയി മാറിയത് .FIAPF ന്റ്റെ വെബ്‌സൈറ്റ് ഒന്ന് നോക്കിയാൽ മതി അതിൽ competitive specialised Feature Film Festivals എന്ന വിഭാഗത്തിനു താഴെ കേരള മേള കാണിച്ചിരിക്കുന്നത് kerala (Trivandrum ) എന്നാണ് . (സ്ക്രീൻഷോട്ട് ഇതോടൊപ്പം) .

സാധാരണ രീതിയിൽ അത്ര ശക്തമായ കാരണങ്ങൾ ഇല്ലാതെ മേളയുടെ സ്ഥിരം വേദി മാറ്റാൻ ഒരു ചലച്ചിത്ര മേളയ്ക്കും FIAPF അനുമതി നൽകാറില്ല . കോവിഡ് പ്രാമാണിച്ചാണ്‌ വേദി നാല് സിറ്റികളിൽ ആക്കിയത് എന്നത് ശക്തമായ ഒരു കാരണമേ അല്ല . കോവിഡ് കാലത്തു ലോകത്തെ ചലച്ചിത്ര മേളകൾ രണ്ടു രീതിയാണ് അവലംബിച്ചിട്ടുള്ളത് . ഒന്നുകിൽ മേള നടത്താതിരിക്കുക , അല്ലെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു അതെ വേദിയിൽ നിയന്ത്രണങ്ങളോടെ നടത്തുക . കാൻ പോലെയുള്ള പല ചലച്ചിത്ര മേളകളും കഴിഞ്ഞ വർഷം നിർത്തലാക്കി . വെനീസ് , ഷാങ്ഹായി , മോസ്‌കോ , താലിൻ തുടങ്ങി നിരവധി മേളകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തി . ഇന്ത്യയിൽ തന്നെ ഗോവ , കൊൽക്കത്ത മേളകൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു സ്ഥിരം വേദിയിൽ നടത്തുകയാണ് . കൊൽക്കത്ത ജനുവരിയിലും ഗോവ ഫെബ്രുവരിയിലും. കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് നാല് സ്ഥലങ്ങളിലേക്ക് മേള മാറ്റുന്നത് എന്നറിയില്ല .

മുൻകാലങ്ങളിലെ പോലെ പ്രാദേശിക മേളകൾ വിവിധ സ്ഥലങ്ങളിൽ നടത്താമെന്നിരിക്കെ അതിനു മുതിരാതെ ഇത്തരം ഒരു തീരുമാനം എങ്ങനെ ഉണ്ടായി . കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പ്രതിനിധികളുടെ എണ്ണം കുറച്ചും തിയറ്ററുകളുടെ എണ്ണം കൂട്ടിയും ഐ എഫ് എഫ് കെ നടത്തിയ ശേഷം തൊട്ടടുത്തുള്ള ആഴ്ചകളിൽ തന്നെ വിവിധ സിറ്റികളിൽ പ്രാദേശിക മേളകൾ സംഘടിപ്പിക്കാമെന്നിരിക്കെ ഇത്തരത്തിൽ FIAPF അക്രിഡിറ്റേഷനെ തന്നെ അപകടപ്പെടുത്തുന്ന തരത്തിൽ മേള നാല് സിറ്റികളിൽ നടത്താനുള്ള തീരുമാനം ആരുടെ തലയിൽ ഉദിച്ചതാണ് എന്നറിയില്ല . തിരുവനന്തപുരത്തു നിന്നും മാറി നാല് സിറ്റികളിൽ ആയി മേള നടത്താൻ FIAPF അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് ചലച്ചിത്ര അക്കാദമി ആണ് . അത് ലഭിച്ചിട്ടില്ലെങ്കിൽ ഇത് തെറ്റായ ഒരു തീരുമാനം ആണ് .

ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം കസാക്കിസ്ഥാനിലെ യുറേഷ്യ ചലച്ചിത്ര മേള കേരള ചലച്ചിത്ര മേളയെ പോലെ FIAPF ന്റെ അംഗീകാരം ഉള്ള competitive specialised Feature Film Festivals എന്ന വിഭാഗത്തിലെ 23 ചലച്ചിത്ര മേളകളിൽ ഒന്നായിരുന്നു . കസാക്കിസ്ഥാനിലെ അൽമാട്ടി നഗരം ആയിരുന്നു യുറേഷ്യ മേളയുടെ അംഗീകൃത വേദി . 2017 ൽ കസാക്കിസ്ഥാൻ സർക്കാർ മേളയുടെ വേദി തലസ്ഥാന നഗരമായ അസ്താനയിലേക്ക് മാറ്റുവാൻ തീരുമാനിച്ചു . ചില കൾച്ചറൽ ഇവൻറ്റുമായി ബന്ധപ്പെട്ടാണ് വേദി ആ ഒരു വർഷത്തേക്ക് മാറുന്നത് എന്നത് ചൂണ്ടിക്കാട്ടി ദീർഘമായ കത്തിടപാടുകൾ നടത്തി FIAPF നെ ബോധ്യപ്പെടുത്തി പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് വേദി മാറ്റിയത് . പക്ഷെ FIAPF മായുള്ള എഗ്രിമെൻറ്റിനു വിരുദ്ധമായി തുടർ വർഷങ്ങളിലും സർക്കാർ മേള അസ്താനയിൽ തന്നെ നടത്താൻ തീരുമാനിച്ചതോടെ യുറേഷ്യ മേളയ്ക്ക് FIAPF അംഗീകാരം തുടർ വർഷത്തിൽ നഷ്ടമായി .

ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി എന്നെ ഉള്ളൂ . FIAPF അംഗീകാരം ഇല്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഒരു മേളയ്ക്ക് ഉണ്ടാവുക എന്നതൊക്കെ വലിയ രീതിയിൽ വിശദീകരിക്കേണ്ടതായത് കൊണ്ട് തൽക്കാലം അതിനു മുതിരുന്നില്ല . FIAPF അംഗീകാരം ഉള്ള മേളയായിട്ടു പോലും കേരള ചലച്ചിത്ര മേള ലോകത്തെ പ്രധാനപ്പെട്ട ഒരു മേളയായി ലോക ചലച്ചിത്ര മേള സർക്യൂട്ടിൽ ആരും കണക്കാക്കാറില്ല എന്ന സത്യം നമുക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും യാഥാർത്ഥ്യം ആണ് . FIAPF അംഗീകാരം കൂടി നഷ്ടപ്പെട്ടാൽ പിന്നെ പറയേണ്ടതില്ലല്ലോ .

ഏതായാലും ഈ നിയമാവലി ഒക്കെ ചലച്ചിത്ര അക്കാദമി അംഗങ്ങൾക്ക് അറിയാം എന്നാണ് കരുതുന്നത് . അതുകൊണ്ട് FIAPF അനുമതി ഒക്കെ കൃത്യമായി നേടിയിട്ട് ആയിരിക്കും മേള നാല് സിറ്റികളിൽ നടത്താൻ തീരുമാനിച്ചത് എന്ന് കരുതാം . ഏതായാലും നാല് സിറ്റികളിൽ ആയി മേള ഗംഭീരമാകട്ടെ . കേരള ചലച്ചിത്ര മേള കഴിഞ്ഞ കുറേ വർഷങ്ങൾ ആയി മുഖ്യധാരാ സിനിമാ മേള ആക്കിയ അക്കാദമിയിലെ മുഖ്യധാരാ ഭാരവാഹികൾക്ക് ഈ മേള എറണാകുളത്തേക്കു പറിച്ചു നടനം എന്നൊരു താല്പര്യം ഉണ്ടെന്നു കേട്ടിരുന്നു അതിന്റെ തുടക്കമായുള്ള നീക്കം ആണോ ഇതെന്ന സംശയം ബന്ധപ്പെട്ട പലരും ഉന്നയിക്കുന്നുണ്ട് . അങ്ങനെ ആവില്ല എന്ന് കരുതാം . പിന്നെ ചലച്ചിത്ര അക്കാദമിയുടെ നിലവിലെ രീതി വെച്ച് അതിനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല ..

അടിക്കുറിപ്പ് .തിരുവനന്തപുരത്ത് ഉദ്ഘാടന വേദിയിലും പാലക്കാട്ട് സമാപന വേദിയിലും കഴിഞ്ഞ 24 വർഷമായി മുഖ്യമന്ത്രിമാർ മുടങ്ങാതെ നടത്തുന്ന ആ ആചാര വാഗ്ദാനം ഇത്തവണയും ഉണ്ടാകുമല്ലോ . കേരള ചലച്ചിത്ര മേളയ്ക്ക് സ്ഥിരം ഫെസ്റ്റിവൽ കോംപ്ലക്സ് ദാ ഇപ്പൊ പണിയും ദാ ഇപ്പൊ പണിയും എന്ന ആ സ്ഥിരം വാഗ്ദാനം . കഴിഞ്ഞ വർഷങ്ങളിലെ തുടർച്ച ആയി അത് ഇത്തവണയും മറക്കാതെ പറയുമല്ലോ .. ആ വാഗ്ദാനം ഇല്ലാതെ എന്ത് ഫെസ്റ്റിവൽ ഉദ്ഘാടനവും സമാപനവും ....

(വാർത്തയിൽ കമലിന്‍റെ ചിത്രത്തിന് കടപ്പാട്, വിക്കിമീഡിയ കോമൺസ്)

Follow Us:
Download App:
  • android
  • ios