Asianet News MalayalamAsianet News Malayalam

ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഴാങ് ലുക് ഗൊദാർദിന്, ഐഎഫ്എഫ്‍കെ രജിസ്ട്രേഷൻ 30 മുതൽ

ഐഎഫ്എഫ്‍കെയ്‍ക്ക് രജിസ്റ്റര്‍ ചെയ്യാൻ അറിയേണ്ട കാര്യങ്ങള്‍.

IFFK life time achievement award
Author
Thiruvananthapuram, First Published Jan 28, 2021, 12:32 PM IST

കേരള ചലച്ചിത്ര അക്കാദമിയുടെ ലൈഫ് ടൈംഅച്ചീവ്മെൻറ് അവാർഡ് ഫ്രഞ്ച് ചലച്ചിത്രകാരൻ ഴാങ് ലുക് ഗൊദാർദിന്. കേരള രാജ്യന്തര ചലച്ചിത്രോത്സവത്തില്‍ വെച്ചാണ് അവാര്‍ഡ് സമ്മാനിക്കുക. ചലച്ചിത്ര അക്കാദമി ചെയര്‍മാൻ കമല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഗൊദാർദിന്റെ അസാന്നിദ്ധ്യത്തില്‍ വിഖ്യാത സംവിധായകൻ അടൂര്‍ ഗോപാലകൃഷ്‍ണൻ പുരസ്‍കാരം ഏറ്റുവാങ്ങും. രാജ്യന്തര ചലച്ചിത്രോത്സവം എങ്ങനെയായിരിക്കും ഇത്തവണയെന്ന കാര്യവും കമല്‍ വിശദീകരിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷൻ 30 മുതൽ ആണ് തുടങ്ങുക.

ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്‍കെയ്‍ക്ക് വിപുലമായ ആഘോഷങ്ങള്‍ ഉണ്ടാകില്ല. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവടങ്ങളില്‍ വെച്ചാണ് ഇത്തവണ ഐഎഫ്എഫ്‍കെ നടക്കുക. ഒരു സ്ഥലത്ത് മാത്രമേ ഒരാള്‍ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയൂ. അതത് മേഖലകളിലുള്ളവർ അവിടെ രജിസ്റ്റർ ചെയ്യണം. കോവിഡ്‌ നെഗറ്റീവ് ആയവർക്കെ പ്രേവേശനം നൽകു.  അടുത്ത മാസം 12 മുതല്‍ 19 വരെയാണ് ഐഎഫ്എഫ്‍കെ.

പാസ് നൽകുന്നതിന് മുമ്പ് ആന്റിജൻ പരിശോധന ഉണ്ടാകും. പരിശോധനയുടെ പൂർണ്ണ ചിലവ് അക്കാദമി വഹിക്കും.

റിസർവേഷൻ ചെയ്യുന്നവർക്ക് മാത്രമേ സിനിമ കാണാൻ കഴിയൂ. ആലപ്പുഴയിൽ ഉള്ളവർക്ക് തിരുവനന്തപുരത്തും  രജിസ്‍ട്രേഷൻ ചെയ്യാം. തിരുവനന്തപുരം മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ നിന്നുള്ളവർക് രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം 2500, എറണാകുളം 2500, പാലക്കാട് 1500, തലശ്ശേരി 1500 എന്നിങ്ങനെയാണ് പാസുകള്‍ വിതരണം ചെയ്യുക.

Follow Us:
Download App:
  • android
  • ios