കൊവിഡ് ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായ എസ് പി ബാലസുബ്രഹ്മണ്യം ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് തന്‍റെ മനസ് പറയുന്നെന്ന് ഇളയരാജ. ആത്മസുഹൃത്തായ എസ്‍പിബിയെ അഭിസംബോധന ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇളയരാജ പ്രത്യാശ പ്രകടിപ്പിക്കുന്നത്. തമിഴിലുള്ള വീഡിയോ സന്ദേശം ഇരുവര്‍ക്കുമിടയിലുള്ള ബന്ധത്തിന്‍റെ ആഴം വെളിവാക്കുന്നതാണ്.

"ബാലൂ, വേഗം തിരിച്ചുവരൂ. നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. നമ്മുടെ ജീവിതം സിനിമയില്‍ അവസാനിച്ചുപോകുന്നതല്ല. സിനിമയില്‍ ആരംഭിച്ചതുമല്ല. ഏതൊക്കെയോ കച്ചേരികളില്‍ ഒരുമിച്ച് ആരംഭിച്ച സംഗീതം നമ്മുടെ ജീവിതവും ജീവിക്കാനുള്ള കാരണവും ആവുകയായിരുന്നു. സംഗീതത്തില്‍ നിന്ന് സ്വരങ്ങള്‍ എങ്ങനെ വേര്‍പിരിയാതെ നില്‍ക്കുന്നുവോ അങ്ങനെയായിരുന്നു നമ്മുടെ സൗഹൃദവും. നമ്മള്‍ തര്‍ക്കിച്ച സമയങ്ങളില്‍ പോലും ആ സൗഹൃദം നമ്മെ വിട്ടുപോയില്ല. അതിനാല്‍ നീ തിരിച്ചുവരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. അങ്ങനെ സംഭവിക്കുമെന്ന് എന്‍റെ ഉള്ളം പറയുന്നു. അതിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു", ഇളയരാജ പറയുന്നു.

സിനിമയ്ക്ക് പുറത്തുനിന്ന് ആരംഭിക്കുന്നതാണ് ഇളയരാജയ്ക്കും എസ്‍പിബിയ്ക്കും ഇടയിലുള്ള സൗഹൃദം. എസ്‍പിബി സിനിമയില്‍ എത്തിയ കാലത്ത് ഒട്ടേറെ കച്ചേരികളും ഗാനമേളകളും നടത്തിയിരുന്നു. ആ വേദികളില്‍ ഹാര്‍മോണിയം വാദകനായാണ് ഇളയരാജ എത്തുന്നത്. പിന്നീട് ഇളയരാജ സിനിമയിലെത്തിയതിനു ശേഷം നിരവധി ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു.