എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന, ആദ്യ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്ന ഓഗസ്റ്റ് 14ന് ഫേസ്ബുക്കിലൂടെ ഇളയരാജ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തിരുന്നു. തന്‍റെ പ്രിയസുഹൃത്തിനെ രോഗക്കിടക്കയില്‍ നിന്ന് തിരികെ വിളിച്ചുകൊണ്ടുള്ള ഒന്നായിരുന്നു അത്. നിനക്കുവേണ്ടി കാത്തിരിക്കുകയാണെന്നും നമ്മുടെ സൗഹൃദം സിനിമയില്‍ ആരംഭിച്ചതും അവസാനിച്ചുപോകുന്നതുമല്ലെന്നും നിന്‍റെ തിരിച്ചുവരവിന് താന്‍ പ്രാര്‍ഥിക്കുന്നുവെന്നുമൊക്കെ ആ ലഘുവീഡിയോയിലൂടെ ഇളയരാജ പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു ലഘുവീഡിയോയിലൂടെ പ്രിയസുഹൃത്തിന് യാത്രാമൊഴി ചൊല്ലുകയാണ് അദ്ദേഹം.

'ബാലൂ' എന്ന് സംബോധന ചെയ്തുകൊണ്ടുള്ളതാണ് പുതിയ വീഡിയോയും. ഏതാനും വാചകങ്ങള്‍ മാത്രമാണ് അദ്ദേഹം പറയുന്നത്, തമിഴില്‍. ഇടയ്ക്ക് കണ്ഠമിടറുന്നും സംസാരം നിലയ്ക്കുന്നുമുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകളുടെ മലയാള പരിഭാഷ ഇങ്ങനെ- "ബാലൂ, പെട്ടെന്ന് എഴുന്നേറ്റ് വാ, നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നെന്ന് ഞാന്‍ പറഞ്ഞിരുന്നു. നീ കേട്ടില്ല. കേട്ടില്ല. പോയിക്കളഞ്ഞു. എങ്ങോട്ട് പോയി? ഗന്ധര്‍വ്വന്മാര്‍ക്കായി പാടാനാണോ പോയത്? ഇവിടെ ലോകം ശൂന്യമായിപ്പോയി. ലോകത്തിലെ ഒന്നും എനിക്ക് അറിയില്ല. സംസാരിക്കാനായി വാക്കുകള്‍ വരുന്നില്ല. പറയാന്‍ കാര്യവുമില്ല. എന്ത് പറയണമെന്നുതന്നെ അറിയില്ല. എല്ലാ ദു:ഖത്തിനും ഒരു അളവുണ്ട്. ഇതിന് അളവില്ല", ഇളയരാജ പറഞ്ഞവസാനിപ്പിക്കുന്നു.

സിനിമയില്‍ ഒരുമിക്കുന്നതിനു മുന്‍പേ പുറത്തുള്ള സംഗീതവേദികളിലൂടെ ആരംഭിക്കുന്നതാണ് എസ്‍പിബിക്കും ഇളയരാജയ്ക്കും ഇടയിലെ ബന്ധം. എസ് പി ബിയുടെ ശബ്ദം സിനിമാപ്രേമികള്‍ കേട്ടുതുടങ്ങുന്ന കാലത്ത് അദ്ദേഹം ഒട്ടേറെ സംഗീതപരിപാടികള്‍ നടത്തിയിരുന്നു, കച്ചേരികളും ഗാനമേളകളുമായി. ആ വേദികളിലെ ഹാര്‍മോണിയം വാദകനായിരുന്നു ഇളയരാജ. പിന്നീട് തമിഴ് സിനിമാപ്രേമികളെ കോള്‍മയിര്‍ കൊള്ളിച്ച സംഗീത കൂട്ടുകെട്ടായി അത് മാറി. ഇളയരാജയുടെ സിനിമയിലേക്കുള്ള വരവിന് മുന്‍പേ എസ് പി ബി ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നുവെങ്കിലും 'ഇളയരാജ എഫക്ട്' ആണ് അദ്ദേഹത്തിന് വലിയ കരിയര്‍ ബ്രേക്ക് നല്‍കിയത്. കെ വി മഹാദേവന്‍റെയും എം എസ് വിശ്വനാഥന്‍റെയും വി കുമാറിന്‍റെയുമൊക്കെ ഈണങ്ങളാണ് അതിനുമുന്‍പ് അദ്ദേഹം പാടിയിരുന്നതെങ്കില്‍ ഇളയരാജ വരുന്നതോടെ ആസ്വാദകരുടെ കേള്‍വി തന്നെ മാറുകയാണ്. പയണങ്ങള്‍ മുടിവതില്ലൈ, പകലില്‍ ഒരു ഇരവ്, പൂന്തളില്‍, നെഞ്ചത്തൈ കിള്ളാതെ തുടങ്ങിയ ഇളയരാജ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് സംഗീതാസ്വാദകരുടെ മനസിലേക്ക് എസ്‍പിബി എന്ന മൂന്നക്ഷരം മായാത്തവിധം പതിയുന്നത്.